ആലപ്പുഴ: ഒരിക്കൽ വഴിപിരിഞ്ഞവർ 14 വർഷത്തിനുശേഷം വീണ്ടും സ്നേഹത്തിന്റെ വഴിയിലെത്തി. ശുഭനിമിഷത്തിനു സാക്ഷിയായി ഏക മകൾ. ആലപ്പുഴ കുടുംബക്കോടതിയാണ് വിവാഹമോചിതരായ ദമ്പതിമാരുടെ അപൂർവ പുനഃസമാഗമത്തിനു വേദിയായത്. ഇവരുടെ ഒത്തുചേരലിനു നിമിത്തമായത് മകളുടെ സുരക്ഷിതമായ ഭാവിയെന്ന ഉത്തരവാദിത്വം. കോടതി ഇടപെടലിൽ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു അവർ വീണ്ടും കൈകോർത്തത്.
ആലപ്പുഴ കളർകോടു സ്വദേശിയും തിരുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ട് ഓഫീസിലെ ഓഫീസ് അസിസ്റ്റൻറുമായിരുന്ന സുബ്രഹ്മണ്യനും (58) കുതിരപ്പന്തി രാധാ നിവാസിൽ കൃഷ്ണകുമാരിയും (49) ആണ് വീണ്ടും കുടുംബജീവിതത്തിലേക്കു പ്രവേശിച്ചത്. വാടയ്ക്കൽ അങ്കണവാടിയിലെ ഹെൽപ്പറാണ് കൃഷ്ണകുമാരി. പുനർവിവാഹം രജിസ്റ്റർചെയ്യാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചായിരുന്നു ഇവരുടെ മടക്കം.
ഒത്തുചേരലിന്റെ സന്തോഷം മധുരംനൽകി അവർ ആഘോഷമാക്കി. സുന്ദരമുഹൂർത്തത്തിനു സാക്ഷിയായി മകൾ അഹല്യ എസ്. നായരും ഉണ്ടായിരുന്നു. അഹല്യ പത്താംക്ളാസിൽ മികച്ച വിജയംനേടി ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്.
2006 ആഗസ്റ്റ് 31-നായിരുന്നു സുബ്രഹ്മണ്യന്റെയും കൃഷ്ണകുമാരിയുടെയും വിവാഹം. നിസ്സാരപ്രശ്നത്തിന്റെ പേരിൽ വഴക്കിട്ട് അകന്ന ഇവരുടെ കേസ് കോടതിയിലെത്തി. 2010 മാർച്ച് 29-നു നിയമപരമായി വേർപിരിഞ്ഞു. കൃഷ്ണകുമാരിക്ക് ഒന്നരലക്ഷം രൂപയും സ്വർണാഭരണമടക്കമുള്ള ബാധ്യതകളും തിരിച്ചുനൽകിയായിരുന്നു വേർപിരിയൽ.
മകളുടെ ചെലവിനായി ജീവനാംശം ആവശ്യപ്പെട്ട് 2020-ൽ ആലപ്പുഴ കുടുംബക്കോടതിയിൽ കൃഷ്ണകുമാരി ഹർജി നൽകി. മാസംതോറും 2,000 രൂപ നൽകാൻ കോടതി വിധിച്ചു. ഇതിനെതിരേ സുബ്രഹ്മണ്യൻ ഹൈക്കോടതിയെ സമീപിച്ചു. ഇതു കോടതി തള്ളി. പ്രശ്നം രമ്യമായി പരിഹരിക്കാനായിരുന്നു നിർദേശം. കേസ് വീണ്ടും കുടുംബക്കോടതി ജഡ്ജി വിദ്യാധരൻറെ മുന്നിലെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
രണ്ടുപേരും പുനർവിവാഹിതരല്ലെന്നതു കോടതി കണക്കിലെടുത്തു. മകളുടെ സുരക്ഷയെയും ഭാവിയെയും കരുതി ഒരുമിച്ചു താമസിക്കാനുള്ള നിർദേശം ഇരുവരും അംഗീകരിച്ചു. ഇനിയുള്ളനാൾ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിനു സമീപത്തെ വാടകവീട്ടിലാകും ഇവരുടെ താമസം.
സുബ്രഹ്മണ്യനുവേണ്ടി അഭിഭാഷകരായ ആർ. രാജേന്ദ്രപ്രസാദ്, എസ്. വിമി, ജി. സുനിത, കൃഷ്ണകുമാരിക്കുവേണ്ടി സൂരജ് ആർ. മൈനാഗപ്പള്ളി എന്നിവർ ഹാജരായി.