അജ്മാൻ: എമിറേറ്റിലെ വ്യാവസായിക സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടയ്ക്ക് തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഏഷ്യൻ വംശജയായ സ്ത്രീയെ പലതവണ പ്രതി കുത്തിയതായി അജ്മാൻ പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് പത്ത് മിനിറ്റിനുള്ളിലാണ് അജ്മാൻ പൊലീസ് പ്രതിയെ പിടികൂടിയത്.
കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തുന്നത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടനെ അന്വേഷണത്തിനായി ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചിരുന്നുവെന്ന് അജ്മാൻ പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ സയീദ് അലി അൽ മദനി പറഞ്ഞു.
യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും കടയിലെ മറ്റ് മൂന്ന് തൊഴിലാളികളെയും പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ശേഷം കടയ്ക്ക് തീയിടുകയായിരുന്നുെവന്ന് പൊലീസ് പറഞ്ഞു. സിവിൽ ഡിഫൻസ് സംഘമെത്തി കടയിലെ തീ അണച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതിയ്ക്ക് കൊല്ലപ്പെട്ട യുവതിയുമായി നിയമവിരുദ്ധ ബന്ധമുണ്ടായിരുന്നതായും ഇവർ തമ്മിൽ നേരത്തെ വ്യക്തിപരമായ തർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തീപിടത്തില്‍ വ്യാപാര സ്ഥാപനത്തിന് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുണ്ട്.