മുംബൈ: പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് തോൽക്കുമെന്ന് തിരിച്ചറിഞ്ഞതോടെ കോൺഗ്രസ് വ്യാജ വീഡിയോകൾ സൃഷ്ടിച്ച് അവരുടെ ‘സ്നേഹത്തിന്റെ കടയിൽ’ വിൽക്കുന്നുവെന്ന് മോദി ആരോപിച്ചു. ധാരാശിവിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അവർ തെറ്റായ ആരോപണങ്ങളുന്നയിച്ച് തന്നെ അധിക്ഷേപിച്ചുകൊണ്ടേയിരിക്കും. സംവരണം ഇല്ലാതാക്കുമെന്നും ഭരണഘടനയെ തകർക്കുമെന്നും പറയുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽനിന്ന് ഏറ്റവുമധികം എം.എൽ.സിമാരും എം.എൽ.എ.മാരുമുള്ളത് ബി.ജെ.പിക്കാണ്. എന്തിനാണ് അവർ നിരന്തരം നുണകൾ പ്രചരിപ്പിക്കുന്നത്.
നിർമിതബുദ്ധി ഉപയോഗിച്ച് കോൺഗ്രസ് വ്യാജവീഡിയോകൾ സൃഷ്ടിച്ച് അവരുടെ സ്നേഹത്തിന്റെ കടയിൽ വിൽക്കുന്നു. തന്റെ പ്രസംഗങ്ങളും അവർ ഇത്തരത്തിൽ വ്യാജവീഡിയോകൾക്കായി ഉപയോഗിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതം മാറ്റുന്നതിനായി താൻ രാവും പകലും പ്രവർത്തിക്കുന്നു. അതേസമയം, തന്നെ തകർക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യമെന്നും മോദി പറഞ്ഞു.
ദുർബലമായ സർക്കാരിന് ശക്തമായ രാഷ്ട്രം സൃഷ്ടിക്കാനാകുമോ? കോൺഗ്രസ് സർക്കാരിന് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമോ?. കോൺഗ്രസിന്റെ മുഖമുദ്ര വഞ്ചനയാണ്, മോദി ആരോപിച്ചു.
വ്യാജവീഡിയോകൾ നിർമിക്കുന്നതിൽ ബി.ജെ.പി വിദഗ്ധരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ ആരോപിച്ചിരുന്നു. രാജ്യം ഒന്നായി തുടരണം. പ്രധാനമന്ത്രി നിരന്തരമായി വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടിയിരുന്നു.