27.8 C
Kottayam
Tuesday, May 28, 2024

വിവി പാറ്റ് കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി; രണ്ട് നിര്‍ദേശങ്ങളും മുന്നോട്ടുവെച്ച് കോടതി

Must read

ന്യൂഡല്‍ഹി: വിവി പാറ്റ് കേസില്‍ നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണാനാകില്ലെന്ന് കോടതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായതിനാല്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണേണ്ടതില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്നും കമ്മീഷന്റെ വാദമുണ്ടായിരുന്നു. കമ്മീഷന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി വിധി.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വത്തിന് സാധ്യതയുള്ളതിനാല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണേണ്ടത് അനിവാര്യമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, അന്ധമായി ഒരു സംവിധാനത്തെയും തടസ്സപ്പെടുത്തരുതെന്ന് കോടതി ഉത്തരവില്‍ സൂചിപ്പിച്ചു. ഇതു സംബന്ധിച്ച് രണ്ട് നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.

ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷിനൊപ്പമുള്ള സിംബല്‍ ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം. ഇത് 45 ദിവസം സൂക്ഷിക്കണം. വോട്ടിങ്ങ് മെഷിനില്‍ കൃത്രിമം കാണിച്ചെന്ന് സ്ഥാനാര്‍ഥി ആക്ഷേപം ഉന്നയിച്ചാല്‍ ഫലം പ്രഖ്യാപിച്ച ശേഷം ഏഴ് ദിവസത്തിനകം ഇത് പരിശോധിക്കണം.

പരിശോധനയുടെ ചിലവ് ആക്ഷേപം ഉന്നയിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഈടാക്കണം. ക്രമക്കേട് തെളിഞ്ഞാല്‍ തുക മടക്കി നല്‍കണം. നിലവിലെ വോട്ടിങ്ങ് സംവിധാനത്തെ അന്ധമായി അവിശ്വസിക്കാന്‍ കഴിയില്ല. മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണുകയെന്നത് പ്രായോഗിക കാര്യമല്ല. ഈ സംവിധാനത്തില്‍ മനുഷ്യ ഇടപെടല്‍ പൂർണമായും നടത്താനാകില്ല.

ജനസംഖ്യ ഉയര്‍ന്ന തോതുളള രാജ്യത്തില്‍ പേപ്പര്‍ ബാലറ്റ് നിലവില്‍ പ്രായോഗികമല്ലെന്നും കോടതി നിരീക്ഷിച്ചു. കേവലം സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പ് രീതിക്കെതിരെ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് വാദം കേള്‍ക്കലിനിടെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week