തിരുവനന്തപുരം: വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജക്ക് എതിരായ അശ്ലീലപ്രചാരണവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസിന്റെ മുമ്പിലുമുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം കെ.കെ. ശൈലജയുടെ ആരോപണത്തില്‍ കേസുകൊടുക്കാന്‍ വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ വെല്ലുവിളിച്ചു. തിരുവനന്തപുരത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരായി അശ്ലീലപ്രചാരണമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി, ഇതിന് പിന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിലുമാണെന്നും ആരോപിച്ചു. ‘വടകര നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രാഷ്ട്രീയം പറഞ്ഞിട്ട് രക്ഷയില്ല. അതിനുപകരം പുതിയൊരു അടവ്, ഇന്നേവരെ തിരഞ്ഞെടുപ്പില്‍ ആരും ഉപയോഗിച്ചിട്ടില്ല, അശ്ലീലം. ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമായി എതിര്‍സ്ഥാനാര്‍ഥിക്കെതിരെ അശ്ലീലപ്രചാരണം.
അശ്ലീലമെന്ന് പറഞ്ഞാല്‍ ചെറിയ അശ്ലീലമൊന്നുമല്ല, പിണറായി വിജയന്റെ തല, ശൈലജ ടീച്ചറുടെ തല, ബാക്കിയെല്ലാം വേറെയാണ്. വേറെയെന്ന് പറഞ്ഞാല്‍ മനസിലായില്ലേ നിങ്ങള്‍ക്ക്? അശ്ലീലം. എന്നിട്ട് വീട്ടിലേക്കുള്ള, കുടുംബ ഗ്രൂപ്പുകളിലേക്ക് അയക്കുകയാണ്. ഇത്തരം പടങ്ങള്‍ മോര്‍ഫ് ചെയ്യുക. ഇതിന് പിന്നില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്, ഷാഫി പറമ്പിലാണ്’, അദ്ദേഹം പറഞ്ഞു.
‘ആരാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണഭോക്താവ്? അതാണ് ഉത്തരം. ഇത് ആര്‍ക്ക് വേണ്ടിയാണ്? ശൈലജ ടീച്ചറെ അപമാനിക്കാന്‍ ഇത്തരം മോര്‍ഫ് ചെയ്ത പടങ്ങളും മെസേജുകളും ക്ലിപ്പുകളുമെല്ലാം ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായ നേട്ടം യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്കാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? അതിന് വേണ്ടി പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരുതന്നെയാണ്.
അത് പറഞ്ഞപ്പോള്‍ വലിയ വികാരപ്രകടനമാണ്, കേസുകൊടുക്കുമെന്നാണ്. ശൈലജ ടീച്ചര്‍ പറഞ്ഞു, കൊടുക്ക് കേസെന്ന്. എല്ലാകാര്യങ്ങളും നമ്മുടെ മുമ്പിലുണ്ട്. പോലീസിന്റെ മുമ്പിലുണ്ട്. സൈബര്‍ സെല്ലിന് എല്ലാവിവരങ്ങളും ലഭിച്ചിട്ടുണ്ട്’, എന്നായിരുന്നു എം.വി. ഗോവിന്ദന്റെ അവകാശവാദം.
ഇപ്പോള്‍ ഷാഫി പറമ്പില്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. ഷാഫി പറമ്പിലിന്റെ പിന്തുണയോടെ തന്നെയാണിത്, പോയി കേസ് കൊടുക്ക്. തങ്ങളെല്ലാം പ്രസംഗിച്ചതാണ്. ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്ക്, തങ്ങള്‍ നേരിട്ടോളും. അശ്ലീലം പറഞ്ഞുവോട്ടുപിടിക്കാനാണ് ശ്രമം. പക്ഷേ കേരളമാണിതെന്ന് മനസിലാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോര്‍ഫ് ചെയ്ത വീഡിയോയെക്കുറിച്ചല്ല, പോസ്റ്ററിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന വിശദീകരണവുമായി കെ.കെ. ശൈലജ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശൈലജ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീലുണ്ട്.