KeralaNews

റംസാൻ-വിഷുച്ചന്തകൾ നടത്താം; കൺസ്യൂമർ ഫെഡിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: റംസാനും വിഷുവും പ്രമാണിച്ചുള്ള ഉത്സവച്ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതിനല്‍കി ഹൈക്കോടതി. എന്നാല്‍ ചന്തകള്‍ നടത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കൈവശമുള്ള പണം ഉപയോഗിച്ച് അവര്‍ക്ക് ചന്തകള്‍ നടത്താമെന്നാണ് കോടതി വ്യക്തമാക്കുന്നത്.

ചന്തകള്‍ തിരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് 250-ഓളം ഉത്സവച്ചന്തകള്‍ നടത്തുകയും സര്‍ക്കാരിന്റെ സഹായത്തോടെയുള്ള സബ്‌സിഡി ചന്തകളായി മാറുകയും ചെയ്യുമ്പോള്‍ അത് തിരഞ്ഞെടുപ്പ് വിഷയമായി മാറും എന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഇത് ഒരുതരത്തിലും തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ, ചന്തകള്‍ നടത്താമെങ്കിലും അതിനുള്ള സബ്‌സിഡി തിരഞ്ഞടുപ്പ് കഴിയുന്നതുവരെ നൽകരുതെന്നാണ് കോടതിയുടെ നിർദേശം.

തിരഞ്ഞെടുപ്പ് കഴിയുംവരെയാണ് ഉത്സവചന്തകളുടെ ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി പണം അനുവദിക്കുന്നത് കോടതി വിലക്കിയിട്ടുള്ളത്. ഏപ്രിൽ 26-ന് ശേഷം സര്‍ക്കാരിന് ഈ സബ്‌സിഡി പണം അനുവദിക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ഹൈക്കോടതി ശരിവെച്ചു.

ഉത്സവച്ചന്തകള്‍ നടത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി ഫണ്ട് അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. അതിനെതിരെയാണ് കണ്‍സ്യൂമര്‍ ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് രണ്ടുകൂട്ടര്‍ക്കും പ്രയാസമുണ്ടാക്കാത്തവിധം ചന്തനടത്താൻ കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button