കൊച്ചി: ക്ഷേമ പെന്‍ഷന്‍ അവകാശമായി കാണാനാകില്ലെന്നും സഹായം മാത്രമാണെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ക്ഷേമ പെന്‍ഷന്‍ എത്രയാണ്, എപ്പോഴാണ് വിതരണം ചെയ്യേണ്ടതെന്നു തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്. ഭരിക്കുന്ന സര്‍ക്കാരുകളുടെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെന്‍ഷന്‍ വിതരണം.
നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്ന കാര്യത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ക്കുള്ള മറുപടിയിലാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കു വേണ്ടി സെസ് പിരിക്കുന്നു എന്നു കരുതി അത് പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ വരില്ല. 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ കൂടി ഈയാഴ്ച വിതരണം ചെയ്യുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ സഹായമില്ല. മൂന്നു വിഭാഗങ്ങളിലായാണ് പെന്‍ഷന്‍ നല്‍കുന്നത്. വര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവയില്‍ 1600 രൂപയാണ് നല്‍കുന്നത്.
എന്നാല്‍ 80 വയസ്സു വരെയുള്ള വാര്‍ധക്യ പെന്‍ഷന് 200 രൂപ മാത്രമാണ് കേന്ദ്രം നല്‍കുന്നത്. 80 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് 500 രൂപയും. 80 വയസ്സില്‍ താഴെ പ്രായവും 80 ശതമാനത്തില്‍ കുറവ് വൈകല്യവുമുള്ളവര്‍ക്കുള്ള പെന്‍ഷനില്‍ കേന്ദ്രം വിഹിതം നല്‍കുന്നില്ല. സമാനമായി വിവിധ പ്രായത്തിലുള്ളവര്‍ക്കും നല്‍കുന്നത് നേരിയ തുക മാത്രമാണ്.
40 വയസ്സില്‍ താഴെയുള്ള വിധവാ പെന്‍ഷന് കേന്ദ്ര വിഹിതമില്ല. 40-80 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് കേന്ദ്രം തരുന്നത് 300 രൂപയാണ്. 80 വയസ്സിനു മുകളിലുള്ള വിധവാ പെന്‍ഷന് കേന്ദ്രം 500 രൂപയും നല്‍കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഈ മൂന്നു പെന്‍ഷനുകളും കൂടാതെ 3 ലക്ഷം കാര്‍ഷിക തൊഴിലാളികള്‍ക്കും 50 വയസ്സിനു മുകളില്‍ പ്രായമുള്ള 76,000 അവിവാഹിതരായ സ്ത്രീകള്‍ക്കും 1600 രൂപ വീതം മാസം പെന്‍ഷന്‍ നല്‍കുന്നുണ്ട്.
ഇവയ്ക്ക് കേന്ദ്ര സഹായമില്ല. ഇതെല്ലാം കൂടി 45 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ഈ 5 വിഭാഗങ്ങളിലും കൂടി പെന്‍ഷന്‍ നല്‍കാന്‍ മാത്രം മാസം 900 കോടി രൂപ ആവശ്യമാണ്. മറ്റ് 16 ക്ഷേമ പദ്ധതികള്‍ക്കായി 90 കോടി രൂപയും ഓരോ മാസവും കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. എല്ലാ മാസവും പെന്‍ഷന്‍ മുടക്കമില്ലാതെ കൊടുക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. എന്നാല്‍ സംസ്ഥാനം നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം പലപ്പോഴും ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ തടസ്സം നേരിടുന്നുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ള വിഹിതം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നതും പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാരണമാണ്. 2
023 ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. 2023 തുടക്കം വരെയുള്ള 602.14 കോടി രൂപ 2023 ഒക്ടോബറില്‍ മാത്രമാണ് കേന്ദ്രം നല്‍കിയത്. എന്നാല്‍ അപ്പോഴേക്കും സെപ്റ്റംബര്‍ വരെയുള്ള ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.