കോഴിക്കോട്: ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭ എല്‍ഡിഎഫ് കൗണ്‍സിലര്‍ അഹമ്മദ് ഉനൈസ് (28) അറസ്റ്റില്‍. നഗരസഭ ഡിവിഷന് 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗണ്‍സിലറായ ഉനൈസിനെ ഹൈദരാബാദ് സൈബര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാവിലെ പത്തോടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബര്‍ പൊലീസ്, കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ അഹമ്മദ് ഉനൈസിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
47 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഉനൈസിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നും ഇയാളെ അറസ്റ്റുചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടു പോയെന്നും കൊടുവള്ളി പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയത്.
ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കൊടുവള്ളി ഇന്‍സ്പെക്ടര്‍ സി.ഷാജു പറഞ്ഞു. പന്നിക്കോട്ടൂര്‍ സ്വദേശിയായ അധ്യാപകന് 22 ലക്ഷം രൂപയും എന്‍ജിനീയറായ മറ്റൊരാള്‍ക്ക് 30 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. അന്തര്‍ സംസ്ഥാന ലോബിയാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നിലെന്നും പൊലീസ് അറിയിച്ചു.