കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ റേഷണിങ് ഇൻസ്പെക്ടറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെയും, കാസർകോട് ജില്ലയിലെ ആഡൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ കെ. നാരായണനെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു.
കാസർകോട് ജില്ലയിലെ ആഡൂർ വില്ലേജ് പരിധിയിൽപ്പെട്ട കീഴിലെ പാണ്ടിവയൽ സ്വദേശിയായ പരാതിക്കാരന്റെ ബന്ധുവിന്റെ പേരിലുള്ള 54 സെന്റ് ഭൂമിയുടെ പട്ടയം ലഭിക്കുന്നതിന് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം കാസർകോട് ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകിയിരുന്നു.
പ്രസ്തുത അപേക്ഷ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് അഡൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചു നൽകിയിരുന്നു. തുടർന്ന് സ്ഥല പരിശോധനക്കായി എത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നാരായണൻ 20,000 രൂപ കൈക്കൂലിയുമായി താലൂക്ക് ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് ഉത്തര മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കാസർകോട് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉണ്ണികൃഷ്ണൻ വിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നാരായണനെ പിടികൂടുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെ റേഷൻ കട ഉടമയിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് കൈയ്യോടെ പിടികൂടി. പരാതിക്കാരനായ റേഷൻ കട ഉടമയുടെ റേഷൻ കട പരിശോധിച്ച ശേഷം അപാകതകളില്ലായെന്ന് റിപ്പോർട്ട് ചെയ്യുന്നതിലേക്ക് റേഷണിങ് ഇൻസ്പെക്ടർ കൈക്കൂലി ചോദിക്കുകയായിരുന്നു.
റേഷൻ കട ഉടമ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി കൈക്കൂലി വാങ്ങുമ്പോൾ പീറ്റർ ചാൾസിനെ കൈയോടെ പിടികൂടുകയാണുണ്ടായത്.