കൊല്‍ക്കത്ത: ഹൗറ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വിമര്‍ശനമുന്നയിച്ചതോടെ സഹോദരന്‍ ബബൂന്‍ ബാനര്‍ജിയുമായി ഒരു ബന്ധുവുമില്ലെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൗറയില്‍ പ്രസൂൺ ബാനര്‍ജിയെ ആണ് തൃണമൂല്‍ സ്ഥാനാര്‍ഥിയായി വീണ്ടും പ്രഖ്യാപിച്ചത്. ഇതോടെയാണ് മമതയുമായി ബാബുന്‍ ഇടഞ്ഞത്.
താന്‍ കുടുംബ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല, അതുകൊണ്ടാണ് ബബൂനിന് സീറ്റ് കൊടുക്കാതിരുന്നത്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ബബൂന്‍ നിരന്തരം പാര്‍ട്ടിയേയും തന്നേയും പ്രശ്‌നത്തിലാക്കുന്നുവെന്നും ഇനിമുതല്‍ തനിക്കോ കുടുംബത്തിനോ ബബൂനുമായി ഒരു ബന്ധവുമുണ്ടാകില്ലെന്നും മമത പ്രഖ്യാപിച്ചു.
പ്രസൂൺ ബാനര്‍ജി ഹൗറയില്‍ ഒട്ടും യോജിക്കാത്ത സ്ഥാനാര്‍ഥിയാണെന്നും പാര്‍ട്ടിയില്‍ കഴിവുള്ള മറ്റ് ഒരുപാട് പേരുണ്ടായിട്ടും അദ്ദേഹത്തെ തന്നെ വീണ്ടും തിരഞ്ഞെടുത്തത് ശരിയായ രീതിയല്ലെന്നുമായിരുന്നു ബബുന്‍ ബാനര്‍ജിയുടെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകായിരുന്നു മമത.
പാര്‍ട്ടിയുടെ കോടിക്കണക്കിന് പ്രവർത്തകരുമായി താന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പ്രസൂണ്‍ ബാനര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നുമായിരുന്നു മമതയുടെ മറുപടി. ബബുന്‍ അത്യാഗ്രഹിയായ നേതാവാണെന്നും അത്തരക്കാരെ തനിക്ക് താത്പര്യമില്ലെന്നും മമത ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഹൗറയില്‍ ആവശ്യമെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന ബബുനിന്റെ നിലപാടിനേയും മമത വിമര്‍ശിച്ചു. ആര്‍ക്കും എവിടെ വേണമെങ്കലും മത്സരിക്കാമെന്നും പാര്‍ട്ടി സ്ഥാനാര്‍ഥികളുമായി താന്‍ മുന്നോട്ടുപോവുമെന്നും മമത പറഞ്ഞു.
മമതയുടെ അഞ്ച് സഹോദരന്‍മാരില്‍ ഏറ്റവും ഇളയ ആളാണ് ബബുന്‍. തന്റെ പിതാവ് മരിക്കുമ്പോള്‍ രണ്ടര വയസ്സുമാത്രമുണ്ടായിരുന്ന ബബുനിനെ താനാണ് ഈ നിലയിലെത്തിച്ചതെന്നും വന്നവഴി അയാള്‍ മറുന്നുവെന്നും മമത വിമര്‍ശിച്ചു.
2009-ല്‍ തൃണമൂല്‍ സ്ഥാനാര്‍ഥി അംബിക ബാനര്‍ജി മത്സരിച്ച് ജയിച്ചതിന് ശേഷം മൂന്ന് തവണ ഹൗറ ണ്ഡലത്തെ പ്രതിനീധീകരിച്ച ആളാണ് പ്രസൂന്‍ ബാനര്‍ജി.