.കോട്ടയം:ഒന്നിടവിട്ട ദിവസങ്ങളിലെ പാലരുവിയുടെ ലേഡീസ് കോച്ച് ഇടുങ്ങിയതും വളരെ ചെറുതുമായതിനാൽ കടുത്ത ദുരിതമാണ് സ്ത്രീകൾ നേരിടുന്നത്. 20 സീറ്റുകൾ മാത്രമുള്ള കോച്ചാണ് സ്ത്രീകൾക്ക് മാത്രമായി പാലരുവിയിലെ ഒരു റേക്കിൽ നൽകിയിരിക്കുന്നത്. കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയിലാണ് കോട്ടയം മുതൽ പാലരുവിയിലെ എല്ലാ കോച്ചിന്റെയും അവസ്ഥ. അതികഠിനമായ തിരക്കിലും സ്ത്രീകൾക്ക് ഏറെ ആശ്വാസമായിരുന്നു ലേഡീസ് കോച്ച്. എന്നാൽ പാലരുവിയിലെ ലേഡീസ് കോച്ചിൽ ഇപ്പോൾ പടിവാതിലിൽ വരെ തിങ്ങിനിറഞ്ഞാണ് സ്ത്രീകൾ യാത്ര ചെയ്യുന്നത്..
ഒന്നിടവിട്ട ദിവസങ്ങളിലെത്തുന്ന പാലരുവിയിലാണ് യാത്രാക്ലേശം പാരമ്യത്തിലെത്തുന്നതെന്നും കോച്ചുകളിൽ കയറാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും സനൂജ മനു പറയുന്നു. പാലരുവിയ്ക്ക് ശേഷം ഒന്നരമണിക്കൂർ ഇടവേളയിലാണ് കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള അടുത്ത ട്രെയിൻ വേണാട് എക്സ്പ്രസ്സ് എത്തുന്നത്. രണ്ട് ട്രെയിനുകളിലെയും തിരക്കുകൾ പരിഹരിക്കുന്നതിന് പാലരുവിയ്ക്കും വേണാടിനുമിടയിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
അതിരാവിലെ എണീറ്റ് വീട്ടിലെ എല്ലാ ജോലികളും കുട്ടികൾക്കും പ്രായമായവർക്ക് വേണ്ട ആവശ്യങ്ങൾ നിർവ്വഹിച്ച് പുലർച്ചെ തന്നെ വീടുകളിൽ നിന്നും ഇറങ്ങുന്നവരാണ് അധികം സ്ത്രീകളും. പ്രഭാത ഭക്ഷണം കഴിക്കാൻ സമയം ലഭിക്കാതെ കൊണ്ടുവരുന്നവരുമുണ്ട്. എന്നാൽ തിരക്കുമൂലം കുടിയ്ക്കാൻ വെള്ളമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാലരുവിയിലെ യാത്ര.
വന്ദേഭാരതിന് വേണ്ടി മുളന്തുരുത്തിയിൽ ഇരുപത് മിനിറ്റിലേറെ ഇപ്പോൾ ദിവസവും പിടിച്ചിടുന്നുണ്ട്. ഈ സമയം വായുസഞ്ചാരം പോലുമില്ലാതെ കോച്ചുകളിൽ സ്ത്രീകൾ കുഴുഞ്ഞു വീഴുകയാണെന്ന് സ്ഥിരയാത്രക്കാരിയായ ആര്യ ആരോപിക്കുന്നു.
ഒന്നിടവിട്ട ദിവസങ്ങളിലെ 16791/92 പാലരുവി എക്സ്പ്രസ്സിലെ ലേഡീസ് കോച്ചിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ മാനേജർക്ക് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ന്റെ നേതൃത്വത്തിൽ ആതിര, മിനി ഉമ്മൻ, കൃഷ്ണ, അംബികാ ദേവി എന്നിവർ പരാതി നൽകിയിട്ടുണ്ട്. ഉടനെ ഈ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രികർ.
പരീക്ഷണയോട്ടം പൂർത്തിയാക്കിയ ചെങ്കോട്ട പാതയിൽ 22 കോച്ചുകൾ ഇപ്പോൾ പരിഗണയിലാണ്. നിലവിൽ പാലരുവി 14 കോച്ചുകളുമായാണ് സർവീസ് നടത്തുന്നത്. തിരക്ക് കുറയ്ക്കാൻ പാലരുവിയിലെ ബോഗികൾ കൂട്ടുന്നതും ഒരു പരിഹാരമാണ്.