തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിന് എത്താൻ വൈകിയതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കുപിതനായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത അതൃപ്തിയിൽ, പ്രതിഷേധം വിഡി സതീശൻ എഐസിസി നേതൃത്വത്തെ അറിയിച്ചു. കെസി വേണുഗോപാൽ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടു.
ഇരു നേതാക്കളോടും അദ്ദേഹം സംസാരിച്ചു. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാൻ എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചു. എന്നാൽ വിഡി സതീശൻ മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. ഇതോടെ കെ സുധാകരൻ ഒറ്റയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നൽകുകയായിരുന്നു.
കെപിസിസിയുടെ സമരാഗ്നി യാത്രയുടെ ഭാഗമായ വാർത്താസമ്മേളനം ആലപ്പുഴയിൽ വിളിച്ചത് രാവിലെ പത്ത് മണിക്കായിരുന്നു. 10.28ന് കെ സുധാകരൻ സ്ഥലത്തെത്തി. എന്നാൽ പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡിസിസി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാൻ സുധാകരൻ ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും സതീശൻ എത്തിയില്ല. ഇതോടെയാണ് സുധാകരൻ കുപിതനായി ഇയാളിതെവിടെ പോയി കിടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞത്.
ഒടുവിൽ 10.58 ന് വിഡി സതീശൻ എത്തി. പിന്നീട് വാർത്താ സമ്മേളനം തുടങ്ങി ഇരുവരും മറ്റൊരു പരിപാടിയിലേക്ക് പോയി. കെപിസിസി അധ്യക്ഷന്റെ നീരസം വാർത്തയായതോടെ ആലപ്പുഴയിലെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാലാണ് വി ഡി സതീശൻ വൈകിയത് എന്ന വിശദീകരണവുമായി നേതാക്കൾ എത്തി.
വിവാദത്തിൽ നേതാക്കളുടെ വിശദീകരണം തേടിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിലൂടെ ഒരേ കാറിൽ ഒരുമിച്ചു സഞ്ചരിച്ച് ഇരുവരും ഭിന്നതയില്ലെന്ന് പ്രകടമാക്കി. നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനിടെ വാർത്താ സമ്മേളനത്തിൽ ആദ്യം ആര് സംസാരിക്കും എന്നതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ഇരുവരും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നത്.