ദുബായ്: മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രമായ അബുദബി ബാപ്സ് ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. പുരോഹിതന്മാർക്കൊപ്പം പ്രധാനമന്ത്രിയും ക്ഷേത്രത്തിൽ ആരതി നടത്തിയായിരുന്നു ഉദ്ഘാടനം. ക്ഷേത്രം യാഥാർത്ഥ്യമാക്കാൻ സഹായിച്ചതിന് യുഎഇ ഭരണകൂടത്തിനോട് മോദി നന്ദി പറഞ്ഞു.
27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്സ് എന്നറിയപ്പെടുന്ന ‘ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത’ ആണ് ക്ഷേത്രം നിർമ്മിച്ചത്.
അബു മുറൈഖയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് നിർമ്മാണം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് കർമ്മങ്ങൾക്ക് നേതൃത്വം നൽകി. യുഎഇയിലെ ഭരണാധികാരികളടക്കം ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
അബുദബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2019ലാണ് നിർമാണം ആരംഭിച്ചത്. അബുദബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാനാണ് ക്ഷേത്രത്തിനായി 2015-ൽ സ്ഥലം അനുവദിച്ചത്.