കൊല്ലം: നടുറോഡിൽ തലയ്ക്കടിച്ച് കമ്മൽ കവർന്നെന്ന വിദ്യാർത്ഥിനിയുടെ പരാതി വ്യാജം. വീട്ടിൽ നിന്ന് വേണ്ടത്ര പരിഗണനയും സ്നേഹവും കിട്ടാത്തതിലുള്ള മനോവിഷമത്തിൽ പെൺകുട്ടി മെനഞ്ഞ കഥയാണെന്നാണ് പൊലീസ് പറയുന്നത്. കമ്മലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും അവ സുഹൃത്തിന്റെ സുഹൃത്തിനെ ഏൽപ്പിച്ചെന്നുമാണ് കുട്ടി പറയുന്നത്. കമ്മൽ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയാണ് വ്യാജ പരാതിക്കാരി. രാവിലെ ട്യൂഷനുപോയപ്പോൾ ആക്രമിച്ച് സ്വർണം കവർന്നെന്നായിരുന്നു പരാതി. രാവിലെ ആറരയോടെ റോഡുവക്കിലെ ഒരു പോസ്റ്റിൽ അവശയായി ചാരി ഇരിക്കുന്ന നിലയിലാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടത്.ഈ സമയം റോഡിൽ ആളും കുറവായിരുന്നു. നാട്ടുകാർ പെൺകുട്ടിയോട് കാര്യം തിരക്കിയെങ്കിലും ഒന്നും പറഞ്ഞില്ല.
തുടർന്ന് നാട്ടുകാർ ചേർന്ന് പെൺകുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് തന്നെ ഒരുസംഘം ആക്രമിച്ചെന്നും തലയ്ക്കടിയേറ്റെന്നും കമ്മലുകൾ നഷ്ടമായെന്നും പെൺകുട്ടി പറഞ്ഞത്. തുടർന്ന് പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങൾ കുട്ടിപറഞ്ഞതോടെ മൊഴിയിൽ സംശയമായി. കാര്യങ്ങൾ കൂടുതൽ ചോദിച്ചറിഞ്ഞപ്പോഴാണ് പരാതി വ്യാജമാണെന്ന കാര്യം പൊലീസിന് വ്യക്തമായത്.