ന്യൂഡല്‍ഹി: 2027-ഓടെ ഒരുലക്ഷം കരസേനാംഗങ്ങളെ കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടെന്ന് കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ. സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കിയാകും മാനവവിഭവശേഷി കുറയ്ക്കുക.
രജൗറി-പൂഞ്ച് മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ അടുത്തിടെ വർധനയുണ്ടായിട്ടുണ്ടെന്നും ജനുവരി 15-നുള്ള കരസേനാദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
കരസേനയുടെ സദ്ഭാവന പദ്ധതിയുടെ ഭാഗമായി പൂഞ്ചിലെ ഒരു ഗ്രാമം ദത്തെടുത്തതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം പൂഞ്ച് ജില്ലയിലെ ടോപാപീർ ഗ്രാമത്തിൽ ഭീകരാക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈന്യം ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്ത 17 ഗ്രാമീണരിൽ മൂന്നുപേരെ പിന്നീട് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത് വിവാദമായിരുന്നു. ടോപാപീർ ഗ്രാമമാണോ ദത്തെടുക്കുന്നതെന്ന് കരസേനാമേധാവി വ്യക്തമാക്കിയില്ല.