ചണ്ഡിഗഢ്: അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി ഹരിയാനയിലെ 500 കോളേജ് വിദ്യാർത്ഥിനികൾ രംഗത്തെത്തി. സിർസയിലുള്ള ചൗധരിദേവി ലാൽ സർവകലാശാലയിലെ അദ്ധ്യാപകനെതിരെയാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്.
അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യണമെന്നും വിരമിച്ച ഹൈക്കോടതി ജഡ‌്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വിദ്യാർത്ഥിനികൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹരിയാന മുഖ്യമന്ത്രി എം.എൽ. ഖട്ടറിനും കത്തയച്ചു.
ഹരിയാന ഗവർണർ ബഡാരു ദത്തത്രേയ, വൈസ് ചാൻസലർ ഡോ. അജ്മർ സിംഗ് മാലിക്ക്, ആഭ്യന്തരമന്ത്രി അനിൽ വിജ്. ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷൻ രേഖാ ശർമ്മ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, മാദ്ധ്യമങ്ങൾ എന്നിവർക്കും കത്തിന്റെ പകർപ്പ് കൈമാറി.
ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം ടോയ്‌ലെറ്റിലേക്ക് കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് ആരോപണം. പ്രതികരിച്ചപ്പോൾ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും മാസങ്ങളായി ഇത് തുടരുകയാണെന്നും പരാതിയിൽ പറയുന്നു.
വിദ്യാർത്ഥികളുടെ പരാതി ലഭിച്ചതായും ഓഫീസിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വിദ്യാർത്ഥികളുടെയും അദ്ധ്യാപകന്റെയും മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.