ന്യൂയോർക്ക്: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കി സുപ്രീംകോടതി. കൊളറാഡോ സുപ്രീംകോടതിയുടേതാണ് നിർണായക ഉത്തരവ്. 2021 ജനുവരിയിലെ കാപ്പിറ്റോൾ കലാപത്തിൽ ട്രംപിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കലാപത്തിലോ അതിക്രമങ്ങളിലോ ഉൾപ്പെടുന്നവർ അധികാരത്തിലെത്തുന്നത് തടയുന്ന അമേരിക്കൻ ഭരണഘടനയിലെ വ്യവസ്ഥ അനുസരിച്ചാണ് നടപടി.
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു നടപടി നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ട്രംപ്. അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപിന്റെ അഭിഭാഷകർ പ്രതികരിച്ചു.
‘പൂർണമായും തെറ്റായ വിധി. ഉത്തരവിനെതിരെ അപ്പീൽ നൽകും. ഉടൻ തന്നെ യുഎസ് സുപ്രീം കോടതിയെ സമീപിക്കും. ജനാധിപത്യ വിരുദ്ധമായ ഈ വിധി റദ്ദ് ചെയ്യാൻ കോടതിയോട് അഭ്യർത്ഥിക്കും’, അഭിഭാഷകർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ട്രംപോ യു എസ് പ്രസിഡന്റ് ജോ ബൈഡനോ ഉത്തരവിനോട് പ്രതികരിച്ചിട്ടില്ല. അപ്പീൽ സമർപ്പിക്കുന്നതായി ഉത്തരവ് 2024 ജനുവരി നാലുവരെ കോടതി മരവിപ്പിച്ചിട്ടുമുണ്ട്.പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി അഞ്ച് ആണ്.
കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിനാണ് ട്രംപിന് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്. മാർച്ച് അഞ്ചിന് നടക്കുന്ന റിപബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പിന് മാത്രമേ കോടതി ഉത്തരവ് ബാധിക്കൂ. എന്നിരുന്നാലും ഉത്തരവ് ട്രംപിന്റെ തിരഞ്ഞെടുപ്പ് മോഹത്തിന് തിരിച്ചടി നൽകുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്.
2020 ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ജോ ബൈഡൻ അധികാരത്തിലേറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് യു എസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ വലിയ സംഘർഷം നടന്നത്. ട്രംപ് അനുകൂലികൾ കാപിറ്റോൾ ഹാളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
യു എസ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായ സർവ്വേകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിങ്ങനെ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായേക്കാവുന്ന സ്വിംഗ് സംസ്ഥാനങ്ങളിൽ എല്ലാം തന്നെ ട്രംപാണ് ലീഡ് ചെയ്യുന്നതാണ് ബ്ലൂംബെർഗ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്.
പണപ്പെരുപ്പം അടക്കമുള്ള നടപടികൾ പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. മിഷിഗൺ ഉൾപ്പെടെ കഴിഞ്ഞ തവണ ബൈഡന്റെ വിജയത്തിൽ നിർണായകമായ സംസ്ഥാനങ്ങളിലും ജനവികാരം എതിരാണെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.