കൊച്ചി:മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പദ്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം ചർച്ചയായിരുന്നു. ‘തൂവാനത്തുമ്പികളി’ലെ മോഹൻലാലിന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ സംസാരശെെലി ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാമർശം.
‘മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ’ ആ താളത്തിലൊന്നും അവിടുത്തുകാർ സംസാരിക്കാറില്ലെന്നും അവരുടെ ശെെലിയെ അനുകരിക്കാൻ ശ്രമിക്കുമ്പോഴാണ് ബോറാകുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ഇതിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മോഹൻലാൽ.
സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ചെയ്തതെന്നും അന്ന് അതു തിരുത്താൻ ആരുമില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
”ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പദ്മരാജൻ എന്ന സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട സിനിമയാണത്. എനിക്ക് അറിയാവുന്ന കാര്യങ്ങളല്ലേ അതിൽ പറയാൻ പറ്റൂ. അന്നെനിക്ക് അതു ശരിയായി കറക്ട് ചെയ്തു തരാൻ ആരുമില്ലായിരുന്നു.
തൃശൂർ ഓൾ ഇന്ത്യ റേഡിയോയിൽ ഉണ്ടായിരുന്ന ആളാണ് പത്മരാജൻ. അവിടുത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മയുള്ള ആളാണ്. തൃശൂർകാരെല്ലാം അങ്ങനെ തൃശൂർ ഭാഷ സംസാരിക്കാറില്ല. മനഃപൂർവം മോക്ക് ചെയ്ത് പല സ്ഥലത്തും ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. ആ സമയത്ത് എനിക്കു പറഞ്ഞുതരാൻ ആരുമില്ലാത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്- മോഹൻലാൽ പറഞ്ഞു.