കൊച്ചി: നവകേരള സദസ്സിനായി നടക്കുന്ന സ്കൂൾമതിൽ പൊളിക്കലിനെതിരേ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് സ്കൂൾ മതിൽ പൊളിക്കുന്നതെന്നും ആരാണ് നവകേരള സദസ്സിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
കൊല്ലം കുന്നത്തൂർ മണ്ഡലത്തിൽ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മക്ഷേത്രംവക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി മുൻപ് പലയിടത്തും സ്കൂൾ മതിലുകൾ പൊളിച്ചതിനെതിരേ വിമർശനം ഉന്നയിച്ചത്. കേസിൽ ചീഫ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു.
മതിൽ പൊളിക്കുന്നത് പൊതുഖജനാവിൽ നിന്നുള്ള പണമല്ലേയെന്നും ആരാണ് നവകേരള സദസ്സിന്റെ നടത്തിപ്പുകാരെന്നും ഹൈക്കോടതി ചോദിച്ചു. നവകേരള സദസ്സ് നോഡൽ ഓഫീസറും ജില്ലാ കളക്ടറും സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് ചക്കുവള്ളി പരബ്രഹ്മക്ഷേത്രംവക മൈതാനം നവകേരള സദസ്സിനുവേണ്ടി വിട്ടുകൊടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡ് അനുമതിനൽകിയ ഉത്തരവ് ഹാജരാക്കാൻ കഴിഞ്ഞ ദിവസം സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.