മുംബൈ:പല പ്രമുഖ സ്റ്റാർട്ടപ്പുകളിലെയും പ്രധാന നിക്ഷേപകനാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി. സാമാന്യം നന്നായി തന്നെയാണ് മുകേഷ് അംബാനി നിക്ഷേപകനായ കമ്പനികൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയ്ലിന്റെ പിന്തുണയുള്ള സ്റ്റാർട്ടപ്പായ ഡൺസോ, കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിസന്ധിയിലാണ്, 1,800 കോടി രൂപയുടെ നഷ്ടം ആണ് 2023 സാമ്പത്തിക വർഷത്തിൽ ഈ സ്റ്റാർട്ടപ്പ് രേഖപ്പെടുത്തിയത്. മുൻ വർഷത്തേക്കാൾ 288 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ബെംഗളൂരു ആസ്ഥാനമായ ഡൺസോയിൽ 1,488 കോടി രൂപയുടെ നിക്ഷേപത്തോടെ, റിലയൻസ് റീട്ടെയിൽ 25.8 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, വരുന്ന ദിവസങ്ങളിൽ ഡൺസോ കുറഞ്ഞത് 150 മുതൽ 200 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടേക്കും. ഇത് മൊത്തത്തിലുള്ള തൊഴിലാളികളുടെ 30 മുതൽ 40 ശതമാനം വരെ വെട്ടിച്ചുരുക്കലിന് കാരണമാകുന്നു. കമ്പനിയുടെ ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ ചെലവ് 2023 സാമ്പത്തിക വർഷത്തിൽ 2.4 മടങ്ങ് വർധിച്ച് 338 കോടി രൂപയായി.
സഹസ്ഥാപകരും ഫിനാൻസ് മേധാവികളുമുൾപ്പടെ നിരവധി ഉയർന്ന ഉദ്യോഗസ്ഥരടക്കം ഡൺസോയിൽ നിന്നും പടിയിറങ്ങി. ഒപ്പം ജീവനക്കാരുടെ ശമ്പളത്തിലെ കാലതാമസവും ഘട്ടങ്ങളിലായുള്ള കൂട്ട പിരിച്ചുവിടലുകളും കമ്പനിയെ ബാധിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് വർദ്ധിച്ചുവരുന്ന നഷ്ടം തലവേദനയാകുന്നത്.
കമ്പനിയുടെ മൊത്തത്തിലുള്ള ചെലവ് 2022 ലെ 532 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 2,054 കോടി രൂപയായി ഉയർന്നു. 3.86 മടങ്ങാണ് വർദ്ധിച്ചത്, പരസ്യച്ചെലവിലെ കുതിപ്പാണ് പ്രധാനമായും ഉയർന്നത്.