തിരുവനന്തപുരം: മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു സമീപനവും മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് നൂറുശതമാനം ഉറപ്പാണെന്ന് കെ. മുരളീധരന് എം.പി. സി.പി.എമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിളിക്കുന്നത് വിളിക്കുന്നവരുടെ ഇഷ്ടമാണെന്ന് പറഞ്ഞ കെ. മുരളീധരന്, മുസ്ലിം ലീഗ് നാളെ മറുപടി കൊടുക്കുമെന്നാണ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കെ. സുധാകരന് പറഞ്ഞത് പഴഞ്ചൊല്ലാണ്. അത് ചിലര്‍ക്ക് ഇഷ്ടമാവില്ല. അതിന് അത്രയേറെ ഗൗരവം കൊടുക്കേണ്ട കാര്യമില്ലെന്നും കെ. മുരളീധരന് അഭിപ്രായപ്പെട്ടു. ‘തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് സി.പി.എമ്മിന് മനസിലായി. അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ കയറി തിരിപ്പന്‍ പണിയുണ്ടാക്കുക, തുരക്കുന്ന പണിയുണ്ടല്ലോ, തൊരപ്പന് പണി, ആ പണിയെടുക്കുകയാണ്. ഇപ്പോള്‍ തൊരപ്പനെ പിടിക്കാനുള്ള ഒരുപാട് സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. ഈ പണി ഇവിടെ ഏല്‍ക്കില്ല’, അദ്ദേഹം പരിഹസിച്ചു.
‘പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്നാണ് പി. മോഹനന് പറഞ്ഞത്. മോഹനന് മാഷ് പത്രം വായിക്കാറില്ലേ? കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉപാധികളില്ലാത്ത പിന്തുണയാണ് പലസ്തീന് പ്രഖ്യാപിച്ചത്. അത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ നയമാണ്. അതില്‍ ഒരിടത്തും വെള്ളം ചേര്‍ത്തിട്ടില്ല. പലസ്തീന് വിഷയത്തില്‍ മോഹനന് മാഷിന്റേയോ സി.പി.എമ്മിന്റേയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’, മുരളീധരന് വ്യക്തമാക്കി.