ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിസംഘര്‍ഷം , പാംഗോങിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല . മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലും കടുംപിടുത്തവുമായി ചൈന. അതേസമയം, കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന അതിര്‍ത്തിസംഘര്‍ഷം നിലനില്‍ക്കുന്ന 7 സ്ഥലങ്ങളില്‍ ആറിടത്ത് ഇരു സേനകളുടെയും പിന്മാറ്റത്തിനു പ്രാഥമിക രൂപരേഖയായി.
പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍നിന്നു പിന്മാറ്റത്തിനു ചൈന തയാറായിട്ടില്ല. രൂപരേഖ തയാറാക്കിയെങ്കിലും അതിര്‍ത്തിയിലുടനീളം ഇരു സേനകളും നേര്‍ക്കുനേര്‍ തുടരുകയാണ്.
പാംഗോങ്ങില്‍ എട്ടു മലനിരകളില്‍ നാലാം മലനിര വരെ 8 കിലോമീറ്ററാണു ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. കമാന്‍ഡര്‍ തലത്തില്‍ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലും ചൈന കടുംപിടിത്തം തുടരുകയാണ്. ഇന്ത്യ രണ്ടാം മലനിരയിലേക്കു പിന്മാറണമെന്ന ആവശ്യവും ഉന്നയിച്ചു.
പ്രശ്‌നപരിഹാരം സങ്കീര്‍ണമാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. സേനാ പിന്‍മാറ്റത്തിനു മാസങ്ങളെടുത്തേക്കാമെന്നാണു സൂചന.
ഇന്ത്യയുടെ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷൂലില്‍ ചൊവ്വാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചര്‍ച്ച രാത്രി പതിനൊന്നരയോടെയാണ് അവസാനിച്ചത്.