തിരുവനന്തപുരം: കേരളത്തിന്‍റെ സഹകരണ മേഖലയെ തകർത്ത പാപഭാരത്തിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞു മാറാനാവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സഹകരണ മേഖലയിലേയും കുടുംബശ്രീകളിലേയുമടക്കം സിപിഎം നടത്തിയ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരള സംസ്ഥാനം ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും പിണറായി വിജയൻ വീതം വച്ചു നൽകിയിരിക്കുകയാണെന്നും മുരളീധരൻ വിമർശിച്ചു.
കരുവന്നൂർ തട്ടിപ്പു നടത്തിയ അരവിന്ദാക്ഷനെ എന്തു വില നൽകിയും സംരക്ഷിക്കുമെന്നാണ് മൊയ്തീന്‍റെ നിലപാട്. അരവിന്ദാക്ഷൻ വാ തുറന്നാൽ പങ്കു പറ്റിയ നേതാക്കളടക്കം പ്രതിരേധത്തിലാവും. കള്ളപ്പണ ഇടപാടിൽ നിന്ന് രക്ഷപെടാൻ സ്വന്തം അമ്മയെപോലും മാറ്റിപ്പറയുന്ന സിപിഎമ്മുകാരാണ് ഉള്ളതെന്നും കേന്ദ്രമന്ത്രി പരിഹരിച്ചു.
പഞ്ചായത്ത് മുതല്‍ സെക്രട്ടറിയറ്റ് വരെ ഭരണം മുഴുവൻ അഴിമതിയാണ്. കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിലും അട്ടിമറി നടക്കുന്നു. അതും സ്വന്തക്കാർക്ക് വീതംവക്കുന്ന കാഴ്ചയാണ് കാണുന്നത്.
കൊവിഡ്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്‍റിന്‍റെ പ്രവർത്തനം ഇതുവരെ തുടങ്ങാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വിളവൂർക്കലിൽ കുടുംബശ്രീയുടെ സമരപ്പന്തലിലെത്തി സമരവിജയം നേടിയ അമ്മമാരേയും ബിജെപി പ്രതിനിധികളേയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.