തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തോന്നയ്ക്കല്‍ വൈറോളജി ലാബില്‍ നിപ സാമ്പിള്‍ പരിശോധിക്കുന്നില്ലെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. വൈറസ് സ്ഥിരീകരണത്തിനായി എന്തുകൊണ്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ അയക്കുന്നുവെന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം 2021-ൽ പുറത്തിറക്കിയ സർക്കുലറിൽ തന്നെ മറുപടിയുണ്ട്. ബി.എസ്.എല്‍. 4(ബയോ സേഫ്റ്റി ലെവൽ 4) അംഗീകാരം വേണ്ട നിപ സാമ്പിളുകള്‍, ഹൈ റിസ്‌കില്‍പെട്ടവയടക്കം പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് പരിശോധിക്കാന്‍ സാധിക്കുക എന്നതാണത്.
ബി.എസ്.എല്‍. 4 അംഗീകാരം തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനില്ല, ബി.എസ്.എല്‍. 2 അംഗീകാരം മാത്രമാണു ള്ളത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവ, നാലോഅഞ്ചോ ദിവസത്തിനുള്ളിൽ ഐ.സി.എം.ആറിലേക്ക് നേരിട്ടയച്ച് അവിടെനിന്നുള്ള ഫലമായിരിക്കണം പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് നിർദേശിക്കേണ്ടത്. അതേസമയം, ലക്ഷണങ്ങൾ ഇല്ലാത്തവ കോഴിക്കോടും ആലപ്പുഴയിലും പരിശോധിച്ച് ഫലം പുറത്തുവിടാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
കേന്ദ്രആരോഗ്യമന്ത്രാലയം 2021-ൽ പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ഡമാണ് ഇത് നിര്‍ദേശിച്ചിരിക്കുന്നത്.
മൃഗങ്ങളുടെ സാമ്പിളുകള്‍ ഭോപാല്‍ നാഷണല്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ലബോറട്ടറിയിലേക്ക് അയക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. പന്നികൾ, കന്നുകാലികൾ, കാട്ടുമൃഗങ്ങൾ, പഴങ്ങൾ എന്നിവയും പരിശോധനയ്ക്കായി അയക്കണം. എന്നാൽ, വവ്വാലുകളുടെ സാമ്പിളുകൾ പൂനെയിലെ ഐ.സി.എം.ആറിലേക്കുതന്നെ അയക്കണമെന്നുമാണ് 2021-ലെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
അതിനിടെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. ബി.എസ്.എല്‍. ലെവല്‍ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്.
കൂടുതല്‍ നിപ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ ഈ മൊബൈല്‍ ലാബ് കൂടി സജ്ജമാക്കിയതോടെ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ സേവനം കൂടി ലഭ്യമാക്കുന്നത്. ഇതിന് സന്നദ്ധമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് നന്ദിയറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
ഒരേസമയം 96 സാമ്പിളുകള്‍ വരെ പരിശോധിക്കാനുള്ള സംവിധാനം ഈ മൊബൈല്‍ ലാബിലുണ്ട്. മൂന്നു മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭ്യമാകും. വൈറല്‍ എക്‌സ്ട്രാക്ഷന്‍, റിയല്‍ ടൈം പി.സി.ആര്‍. എന്നിവ ലാബില്‍ ചെയ്യാന്‍ കഴിയും. ടെക്‌നിക്കല്‍ സ്റ്റാഫ്, ഇലക്ട്രിക്കല്‍ തുടങ്ങി അഞ്ചു പേരുടെ സംഘമാണ് ലാബിലുണ്ടാകുക.
ബയോളജിക്കൽ ലാബുകളിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങളുടെയും പരിശോധനകളുടെയും തരംതിരിവുകളാണ് ബയോസേഫ്റ്റി ലെവലുകൾ . BSL-1, BSL-2, BSL-3, and BSL-4, with BSL-4 എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.