കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പ്രധാന ഘടകം ഉമ്മൻ ചാണ്ടി ഫാക്ടർ ആയിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളിയിൽ ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി തോമസിന് കേരളാ കോൺഗ്രസിന്‍റെ വോട്ട് ലഭിച്ചില്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് ജോസ് കെ മാണി വിശദീകരണവുമായി രംഗത്തെത്തിയത്.
‘പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി ഫാക്ടറാണ്. അതിനകത്ത് സംശയങ്ങളൊന്നുമില്ല. അങ്ങനെ വരുന്ന സാഹചര്യത്തിൽ വൈകാരികമായ ചില ബന്ധങ്ങളും വരും. യുഡിഎഫിനും എൽഡിഎഫിനും ആഭിമുഖ്യമുള്ള, അനുകൂലമായ ചില വോട്ടുകൾ കാണും. ആ വോട്ടുകൾ സാഹചര്യമനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറാം. അങ്ങനെ എൽഡിഎഫിന് ലഭിക്കാവുന്ന ചില വോട്ടുകൾ അങ്ങോട്ടുപോയിട്ടുണ്ടാകാം. അതാണ് ഉണ്ടായിട്ടുള്ളത്. അതില്ലാതെ ഒരുവോട്ടും മാറിപ്പോയിട്ടില്ല. കേരള കോൺഗ്രസ് പാർട്ടിയുടെ വോട്ടുകൾ പൂർണ്ണമായും എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്.’ ജോസ് കെ മാണി പറഞ്ഞു.
ഭരണവിരുദ്ധ വികാരമില്ലെന്നും ജോസ് കെ മാണി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. സർക്കാറിന് എപ്പോഴും നെഗറ്റീവും പോസിറ്റീവും ആയ വശങ്ങളുണ്ട്. ഏത് സർക്കാരിനുമുണ്ടാകും. നെഗറ്റീവ് വശങ്ങളുണ്ടെങ്കിൽ അത് ചർച്ചചെയ്ത് തിരുത്തി മുന്നോട്ടുപോകും. ഒരുകാരണവശാലും കേരള കോൺഗ്രസ് യുഡിഎഫിലേക്ക് പോകില്ലെന്നും അത് ഉറച്ച നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കേരള കോൺഗ്രസ് എമ്മിന്‍റെ ശക്തി കേന്ദ്രങ്ങളായ അയർക്കുന്നത്തും അകലക്കുന്നത്തും ചാണ്ടി ഉമ്മൻ നേടിയ വൻ ലീഡ് ചർച്ചയായിരുന്നു. ജോസ് കെ മാണിയും മന്ത്രി റോഷി ആഗസ്റ്റിനും ഉൾപ്പെടെയുള്ളവർ ദിവസങ്ങളോളം പ്രചാരണം നടത്തിയിട്ടും ശക്തി കേന്ദ്രങ്ങളിലെ വോട്ടുകൾ ചാണ്ടി ഉമ്മനായിരുന്നു ലഭിച്ചത്.