തിരുവനന്തപുരം: കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന നടന്‍ ജയസൂര്യയുടെ പരാമര്‍ശം തെറ്റിദ്ധാരണയില്‍ നിന്നും ഉണ്ടായതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.
ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണ പ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. ആ പരാമര്‍ശം വിശ്വസിച്ചാണ് ജയസൂര്യയും തെറ്റായ പരാമര്‍ശം നടത്തിയത്. കൃഷ്ണ പ്രസാദിന് കുടിശ്ശികയെല്ലാം കൊടുത്തതാണ്. അത് അവാസ്തവമാണെന്ന് മനസ്സിലാക്കാതെ ജയസൂര്യ പ്രതികരിക്കുകയായിരുന്നുവെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
‘കൃഷ്ണ പ്രസാദിന്റേത് ഒരു ബിജെപി കുടുംബമാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ കൃഷ്ണകുമാര്‍ ചങ്ങനാശ്ശേരിയില്‍ ബിജെപിയുടെ കൗണ്‍സിലറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് നിലവിലെ കൗണ്‍സിലര്‍. അത്തരത്തിലൊരാള്‍ ദുഷ്ടലാക്കോടെ ജയസൂര്യയെ കാര്യം അറിയിക്കുന്നു. ജയസൂര്യ കാര്യം മനസ്സിലാക്കേണ്ടതായിരുന്നു.’
തിരുവോണ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പട്ടിണി സമരം’ രാഷ്ട്രീയപ്രേരിതമാണെന്നും ജി ആര്‍ അനില്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് കര്‍ഷക കോണ്‍ഗ്രസ് നടത്തിയത്. അതിൻ്റെ ചുവട് പിടിച്ചാണ് ജയസൂര്യയുടെ പ്രതികരണം. ഇന്ത്യയില്‍ നെല്‍കര്‍ഷകന് ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്നത് കേരളമാണ്. ജയസൂര്യയുടെ പരാമര്‍ശം ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. കര്‍ഷകര്‍ അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നുമാണ് നടന്‍ വേദിയില്‍ പറഞ്ഞത്. സപ്ലൈകോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ്.
പുതുതലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് അറിയണമെന്നും മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടന്‍ വിമര്‍ശിച്ചു.
അരിയുടെയും പച്ചക്കറികളുടെയും ക്വാളിറ്റി പരിശോധന ഉറപ്പാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാന്‍ കേരളത്തിലുള്ളവര്‍ക്കും അവകാശമുണ്ടെന്നും നടന്‍ പറഞ്ഞു. തന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് കര്‍ഷകരുടെ പ്രതിസന്ധികളെ കുറിച്ച് ജയസൂര്യ സംസാരിച്ചത്.