തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം ആഘോഷിക്കാൻ കഴിയില്ലെന്ന പ്രചാരണം വലിയ തോതിൽ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രചാരണത്തിൽ കുടുങ്ങി വറുതിയുടെയും പ്രയാസത്തിന്റെയും ഓണമാകുമോയെന്ന് ചിലരെങ്കിലും ചിന്തിച്ചു.
അത്തരം പ്രചാരണങ്ങളിലെ ‘പൊളി വചനങ്ങൾ തിരിച്ചറിയണമെന്നാണ്’ പറയാനുള്ളത്. ഓണക്കാലത്ത് അതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്കായി 18,000 കോടിരൂപയാണ് വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ഒരു ഭേദചിന്തയുമില്ലാതെ എല്ലാവരും ഓണം ആഘോഷിക്കുന്നു എന്നതാണ് നമ്മുടെ നാട്ടിലെ പ്രത്യേകത. മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ട്. എന്നാൽ ഓണത്തിന് ആഴ്ചകൾക്ക് മുൻപു തന്നെ ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ലെന്ന പ്രചരണമുണ്ടായി.
ഈ പ്രചാരണത്തിൽ കുടുങ്ങി ചിലരെങ്കിലും വറുതിയുടെയും പ്രയാസത്തിന്റെയും ഓണമാകുമോയെന്ന് ചിന്തിച്ചു. ഇത്തരം പ്രചാരണങ്ങൾ ഓണത്തിന്റെ ഐതിഹ്യപ്രകാരം പൊളിവചനങ്ങൾ ആണെന്നത് ജനങ്ങൾക്ക് അറിവുള്ളതാണ്. ഇത്തരം പൊളിവചനങ്ങൾ പ്രചരിപ്പിക്കുന്നവരെ ശരിയായ രീതിയിൽ തിരിച്ചറിയണം.
നേരത്തെ ഉണ്ടാകില്ല എന്നു പറഞ്ഞ എല്ലാ കാര്യങ്ങളും യഥാസമയം ആളുകൾക്ക് ലഭ്യമായി. എല്ലാ വിഭാഗങ്ങൾക്കും സർക്കാർ പിന്തുണ നൽകി. എവിടെ നോക്കിയാലും നിറഞ്ഞ സന്തോഷവും സംതൃപ്തിയുമാണ്. ഓണക്കാലത്ത് അതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്കായി 18,000 കോടിരൂപയാണ് സർക്കാർ വിതരണം ചെയ്തത്.
ഓണക്കാലം എല്ലാക്കാലത്തും നല്ല രീതിയിൽ ആഘോഷിക്കുന്നതിനുള്ള പിന്തുണ സർക്കാർ നൽകാറുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പരിഗണനയോടെ കണ്ട് നല്ല ഒരു നാളെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഓണ സങ്കല്പം യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.’’– മുഖ്യമന്ത്രി പറഞ്ഞു.