മുംബൈ:മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പുമായി എത്തി ടൊയോട്ട കഴിഞ്ഞ ദിവസം ട്രെൻഡ് സെറ്ററായിരുന്നു. ബേബി ക്രിസ്റ്റ ലുക്കും കിടിലൻ മൈലേജുമെല്ലാം ആയപ്പോൾ റൂമിയോൺ എന്ന എംപിവി വാഹനത്തിന്റെ ചിത്രങ്ങലെല്ലാം സമൂഹമാധ്യങ്ങളിലെല്ലാം വലിയ ഓളമാണ് സൃഷ്‌ടിച്ചത്. ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ചതിനു പിന്നാലെയാണ് റൂമിയോൺ ഇന്ത്യയിലേക്കും കാലുകുത്തുന്നത്.
മാരുതി സുസുക്കി-ടൊയോട്ട പങ്കാളിത്തത്തിൽ എത്തുന്ന അഞ്ചാമത്തെ ക്രോസ്-ബാഡ്‌ജ്‌ഡ് ഉൽപ്പന്നത്തിന്റെ വില വരും മാസം ജാപ്പനീസ് ബ്രാൻഡ് പ്രഖ്യാപിക്കും. കഫേ വൈറ്റ്, സ്പങ്കി ബ്ലൂ, ഐക്കണിക് ഗ്രേ, റസ്റ്റിക് ബ്രൗൺ, എന്റൈസിംഗ് സിൽവർ എന്നീ അഞ്ച് നിറങ്ങളിൽ പുതിയ ടൊയോട്ട റൂമിയോൺ ലഭ്യമാകും. . ഉപഭോക്താക്കൾക്ക് S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാം. മോഡലിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാൻ താത്പര്യമുള്ളവർക്കിതാ കൂടുതൽ വിശദാംശങ്ങൾ.
ടൊയോട്ട റൂമിയോൺ S: പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക്, സിഎൻജി മാനുവൽ എന്നീ ഓപ്ഷനുകളിലെത്തുന്ന S പതിപ്പാണ് എംപിവിയുടെ ബേസ് വേരിയന്റായി അറിയപ്പെടുക. ഇതിന്റെ സവിശേഷതകളിലേക്ക് വന്നാൽ ഗ്രില്ലിനും ഫ്രണ്ട് ബമ്പറിനും വേണ്ടിയുള്ള ക്രോം ഇൻസെർട്ടുകൾ, ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, വീൽ ക്യാപ് ഉള്ള സ്റ്റീൽ വീലുകൾ, ബോഡി കളറുള്ള ഡോർ ഹാൻഡിലുകളും ORVM-കൾ എന്നിവയെല്ലാമാണ് ലഭിക്കുക.
ഇതുകൂടാതെ വൺ-ടച്ച് റിക്ലൈൻ, സ്ലൈഡ് ഫംഗ്‌ഷനുകൾ എന്നിവയുള്ള രണ്ടാം നിര സീറ്റുകൾ, 50:50 സ്പ്ലിറ്റുള്ള റിക്ലൈൻ ഫംഗ്‌ഷനോടുകൂടിയ മൂന്നാംനിര സീറ്റുകൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ, രണ്ടാംനിരയിൽ സെൻട്രൽ ആംറെസ്റ്റ്, മൂന്ന് വരികൾക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, കളർ TF സ്ക്രീനുള്ള MID, മാനുവൽ എസി, ത്രീ-സ്റ്റേജ് സ്പീഡ് കൺട്രോൾ ഫംഗ്‌ഷനുള്ള റൂഫ് ഫിറ്റഡ് എസി, സെന്റർ കൺസോളിൽ എയർ-കൂൾഡ് ട്വിൻ കപ്പ് ഹോൾഡറുകൾ എന്നിവയും ടൊയോട്ട റൂമിയോൺ S ബേസ് പതിപ്പിലുണ്ടാവും.
തീർന്നില്ല റിമോട്ട് കീലെസ് എൻട്രി, നാല് പവർ വിൻഡോകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, ടച്ച് ബട്ടണുകളുള്ള ഓഡിയോ സ്ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ്-മൌണ്ടഡ് കൺട്രോളുകൾ, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇഎസ്പി, ഹിൽഹോൾഡ് കൺട്രോൾ, സീറ്റ്ബെൽറ്റ് റിമൈൻഡർ, ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം, സ്പീഡ് സെൻസിംഗ് ഓട്ടോഡോർ ലോക്ക് ഫംഗ്‌ഷൻ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും ബേസ് വേരിയന്റിൽ കിട്ടും.
റൂമിയോൺ G പെട്രോൾ മാനുവൽ: ബേസ് വേരിയന്റിലെ ഫീച്ചറുകൾക്ക് പുറമെ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബൂട്ട് ലിഡിൽ ക്രോം എലമെന്റ്, ക്രോം ഡോർ ഹാൻഡിലുകൾ, റിയർ വൈപ്പറും വാഷറും, റിയർ ഡീഫോഗർ, ഫ്രണ്ട്-റിയർ മഡ്ഗാർഡുകൾ, ഡാഷ്‌ബോർഡിനും ഫ്രണ്ട് ഡോർ ട്രിമ്മുകൾക്കും മെറ്റാലിക് ടീക്ക് വുഡ് ഫിനിഷ്, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്യുവൽ-ടോൺ സീറ്റ് ഫാബ്രിക് അപ്ഹോൾസ്റ്ററി എന്നിവയാണ് രണ്ടാമത്തെ വേരിയന്റിൽ ടൊയോട്ട നൽകുന്ന ഫീച്ചറുകൾ.
അതോടൊപ്പം ആദ്യവരിയിൽ യൂട്ടിലിറ്റി ബോക്സുള്ള സ്ലൈഡിംഗ് ആംറെസ്റ്റ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് കീലെസ് എൻട്രി, ആർക്കമിസ് സൗണ്ട് സെൻസിനൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, രണ്ട് ട്വീറ്ററുകൾ, ഉയരം ക്രമീകരിക്കാവുന്ന മുൻ സീറ്റ് ബെൽറ്റുകൾ, ഫ്രണ്ട് ഫോഗ് ലൈറ്റുകൾ, ടൊയോട്ട ഐ-കണക്ട് സാങ്കേതികവിദ്യ എന്നിവയും ടൊയോട്ട റൂമിയോൺ G പെട്രോൾ മാനുവൽ വേരിയന്റിന്റെ ഭാഗമാണ്.
റൂമിയോൺ V പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക്: ബേസ്, മിഡ് വേരിയന്റുകളിലെ ഫീച്ചർ നിരയ്ക്ക് പുറമെ മെറ്റാലിക് ടീക്ക് വുഡ് ഫിനിഷുള്ള ലെതർ സ്റ്റിയറിംഗ് വീൽ, കീ-ഓപ്പറേറ്റഡ് ORVM-കൾ, ക്രൂയിസ് കൺട്രോൾ, ഫോളോ-മീ-ഹോം ഫംഗ്‌ഷനോടുകൂടിയ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് സീറ്റ് സൈഡ് എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ പോലുള്ള അത്യാധുനക സജ്ജീകരണങ്ങളും കോംപാക്‌ട് എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.
മാരുതി എർട്ടിഗയുടെ റീബാഡ്‌ജ് വാഹനമായതിനാൽ തന്നെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ, നാല് സിലിണ്ടർ, NA പെട്രോൾ എഞ്ചിനാണ് 2023 റൂമിയോണിന്റ് ഹൃദയം. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. പെട്രോൾ പതിപ്പ് 102 bhp പവറിൽ പരമാവധി 137 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്.
അതേസമയം റൂമിയോൺ സിഎൻജിയിൽ ഓടുമ്പോൾ വാഹനത്തിന്റെ പവർ കണക്കിൽ കാര്യമായ കുറവുണ്ടാവുന്നുണ്ട്. സിഎൻജിയിൽ എംപിവി 87 bhp കരുത്തിൽ 121 Nm torque ആണ് നൽകുന്നത്. പെട്രോള്‍ മാനുവല്‍ മോഡലിന് 20.11 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്ററും സിഎന്‍ജിക്ക് 26.11 കിലോമീറ്ററുമാണ് ടൊയോട്ട അവകാശപ്പെടുന്ന മൈലേജ് കണക്കുകൾ.