കോട്ടയം: ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന കോട്ടയത്തെ ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകൻ നൽകിയ ഹർജിയിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി.
ഓണത്തിരക്ക് ഉണ്ടാകുന്നതിന് മുൻപ് ആഗസ്റ്റ് 19,20,21,22 തീയതികളിൽ രാത്രി 10 മുതൽ രാവിലെ 5 വരെ ആകാശപാതയുടെ ബലം പാലക്കാട് ഐ.ഐ.ടി.യിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഈ ദിവസങ്ങളിൽ നഗരത്തിൽ രാത്രി 10ന് ശേഷം ഗതാഗത നിയന്ത്രണമുണ്ടാകും.
ഏഴ് വർഷമായി കോട്ടയം നഗരമധ്യത്തിൽ പകുതി പണിത് ആർക്കും ഉപകാരമില്ലാതെ നിർത്തിയിരിക്കുന്ന ആകാശപാതയുടെ തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയെന്നും പണി പൂർത്തീകരിക്കുകയോ, അല്ലാത്ത പക്ഷം പണിത ഭാഗം പൊളിച്ചുകളയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനേയും, ജില്ലാ കളക്ടറേയും , റോഡ് സേഫ്റ്റി അതോറിട്ടിയേയും എതിർ കക്ഷികളാക്കി മാദ്ധ്യമ പ്രവർത്തകനായ എ കെ ശ്രീകുമാറാണ് ഹർജി നൽകിയത്.
മുൻപ് കേസ് പരിഗണിച്ചപ്പോൾ ആവശ്യമില്ലങ്കിൽ പൊളിച്ച് കളഞ്ഞുകൂടെയെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. ഹർജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കക്ഷി ചേർന്നിട്ടുണ്ട്.