ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ മെയ്തെയ് വിഭാഗം പൊലീസുമായി ഏറ്റുമുട്ടി. ബിഷ്ണുപുർ അതിർത്തി ഗ്രാമമായ തൗബംഗ തങ്ങളുടെതാണെന്ന് മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാണ് സംഘർഷ സാഹചര്യം രൂപപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
സംഘർഷ സാഹചര്യത്തിൽ കിഴക്കേ ഇംഫാലിലും പടിഞ്ഞാറൻ ഇംഫാലിലും ജില്ലാ മജിസ്‌ട്രേറ്റുകള്‍ നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ പിൻവലിച്ചു. ഇംഫാൽ താഴ്‌വരയിലുടനീളം രാത്രി കർഫ്യൂവിന് മുകളിൽ പകൽ സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾ, വൈദ്യുതി, പിഎച്ച്ഇഡി, പെട്രോൾ പമ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റി തുടങ്ങിയ അവശ്യ സേവനങ്ങളിലെ ആളുകളുടെ സഞ്ചാരം, പത്ര-ഇലക്‌ട്രോണിക് മാധ്യമങ്ങൾ, കോടതികളുടെ പ്രവർത്തനം എന്നിവയെ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട 35പേരുടെ കൂട്ടസംസ്‌കാരം നടത്തുന്നതിനെതിരെ മണിപ്പൂർ ഹൈക്കോടതി അടിയന്തര ഇടപെടൽ നടത്തിയിരുന്നു. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഉചിതവും ഫലപ്രദവുമായി തീരുമാനമെടുക്കണമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരനും ജസ്റ്റിസ് എ ഗുണേശ്വര്‍ ശര്‍മ്മയും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ചുരാചന്ദ്പൂര്‍ ജില്ലയിലെ എസ് ബോലിജങ്ങ് ഗ്രാമത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറമാണ് കൂട്ടസംസ്‌കാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. മൂന്ന് സ്ത്രീകള്‍ അടക്കം 35 മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടസംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അറിയിച്ചു. ‘പുതിയ സംഭവവികാസത്തെ തുടര്‍ന്ന് ഞങ്ങള്‍ ബുധനാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെ 4 വരെ ആഭ്യന്തര മന്ത്രാലയവുമായി നീണ്ട ചര്‍ച്ച നടത്തിയിരുന്നു.
സംസ്‌കാരം അഞ്ച് ദിവസം കൂടി നീട്ടിവയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു, ആ അഭ്യര്‍ത്ഥന മാനിച്ചാല്‍ ഞങ്ങളെ അതിന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സ്ഥലത്ത് അടക്കം ചെയ്യുക, ശ്മശാനത്തിനായി സര്‍ക്കാര്‍ ഭൂമി നിയമവിധേയമാക്കും. ഈ അഭ്യര്‍ത്ഥന മിസോറാം മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്,’ തദ്ദേശീയ ആദിവാസി നേതാക്കളുടെ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.