കോട്ടയം: അന്തർ സംസ്ഥാന മാല മോഷണ സംഘത്തിലെ പ്രധാനികൾ അറസ്സിൽ. തിരുവനന്തപുരം ചെമ്പഴന്തി ശാലോം ഭവൻ വീട്ടിൽ സിബിൻ (24), ത്രിപ്പുണിത്തുറ ഏരൂര്‍ സൗത്ത് ഭാഗത്ത് കോച്ചേരിൽ വീട്ടിൽ സുജിത്ത് (40) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് മെയ് മാസം വഴിയിലൂടെ നടന്നു പോവുകയായിരുന്ന വെട്ടിക്കാട്ടൂമുക്ക് സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണ്ണമാല പിടിച്ചുപറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ ഉപയോഗിച്ച മോട്ടോർസൈക്കിൾ ചങ്ങനാശ്ശേരിയിൽ നിന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ചതാണെന്ന് മനസ്സിലാവുകയും ഇങ്ങനെ വ്യാജ നമ്പർ നിർമ്മിച്ച് നൽകിയ ഹരീന്ദ്ര ഇർവിനെ പിടികൂടുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും വ്യാജ കറന്‍സി നോട്ടുകളും, ഇവ പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പേപ്പറുകളും, വ്യാജ സ്വര്‍ണ്ണ ബിസ്ക്കറ്റുകളും, എയര്‍ പിസ്റ്റളും പോലീസ് പരിശോധനയില്‍ കണ്ടെടുത്തിരുന്നു.
ഇയാളാണ് പ്രതികള്‍ക്ക് OLX ല്‍ വിൽപ്പനയ്ക്കായി നൽകിയിരിക്കുന്ന വാഹനത്തിന്റെ ആർ.സി നമ്പർ കരസ്ഥമാക്കിയ ശേഷം അതേ നമ്പർ മോഷണത്തിനായി ഉപയോഗിക്കുന്ന മോട്ടോർസൈക്കിളിൽ ഘടിപ്പിച്ചു കൊടുത്തിരുന്നത്. തുടർന്ന് മോഷ്ടാക്കൾക്ക് വേണ്ടി നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ അന്തർ സംസ്ഥാന മാല മോഷണ സംഘത്തിലെ പ്രധാനികളായ ഷിബിനെയും, സുജിത്തിനെയും പിടികൂടുകയായിരുന്നു.
വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനം ഉപയോഗിച്ച് വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ചെടുക്കുകയാണ് ഇവരുടെ രീതി. ഇവർ ഇരുവരും ചേർന്ന് വിവിധ ജില്ലകളിലായി ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ എറണാകുളം നെടുമ്പാശ്ശേരിയിൽ വച്ച് വഴിയാത്രക്കാരിയായ യുവതിയുടെ സ്വർണ്ണം തട്ടിയെടുത്തത്തിനു ശേഷം ശേഷം അടുത്ത ദിവസം ഉദയംപേരൂരിലെത്തി വഴിയാത്രക്കാരിയുടെ മാലയും, ഇതിനു ശേഷം തലയോലപ്പറമ്പ് വെട്ടിക്കാട്ടൂമുക്ക് സ്വദേശിനിയായ വീട്ടമ്മയുടെ മാലയും കൂടാതെ ആ ദിവസം തന്നെ,
ഏറ്റുമാനൂരിലും സമാനമായ രീതിയിൽ ഇവർ മോഷണം നടത്തിയിരുന്നു. അന്വേഷണസംഘം നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ സുജിത്തിനെ ചെങ്ങന്നൂരിൽ നിന്നും, സിബിനെ കൊല്ലത്തു നിന്നും പിടികൂടുകയായിരുന്നു. സിബിന് കേരളത്തിലും തമിഴ്നാട്ടിലുമായി 6 കേസുകളും, സുജിത്തിന് 10 കേസുകളും നിലവിലുണ്ട്.
വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ്, കോട്ടയം ഡി.വൈ.എസ്പി അനീഷ് കെ.ജി ,ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വര്‍ഗീസ്, തലയോലപ്പറമ്പ് സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിജു കെ.ആര്‍, എസ്.ഐ ദീപു റ്റി.ആർ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.