കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്‌സ്പ്രസിന്റെ (16307) ജനറല്‍ കോച്ചിന് തീയിട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാള്‍ സ്വദേശി തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ബംഗാളിലെ 24 സൗത്ത് പ്രഗ്നാനസ് സ്വദേശിയായ പ്രസൂണ്‍ജിത് സിക്ദര്‍ (40) ആണ് ട്രെയിന്‍ തീവെച്ചിരിക്കുന്നതെന്നാണ് ഉത്തരമേഖല ഐജി നീരജ് ഗുപ്ത അറിയിച്ചിരിക്കുന്നത്.
ഭിക്ഷാടനത്തിന്റെ ഭാഗമായി തലശ്ശേരിയിലെത്തിയ ഇയാള്‍ക്ക് പണമൊന്നും ലഭിച്ചിരുന്നില്ല. അതില്‍ ഇയാള്‍ക്ക് മാനസിക സംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്ന് കണ്ണൂരിലേക്ക് നടന്നാണ് എത്തിയത്. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഇയാള്‍ ട്രെയിന് തീവെച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്നും ഐജി പറഞ്ഞു.
കൊല്‍ക്കത്തയിലും മുംബൈയിലും ഡല്‍ഹിയിലും ഇയാള്‍ ഹോട്ടലില്‍ ജോലി ചെയ്ത ഇയാള്‍ രണ്ടു വര്‍ഷം മുമ്പ് വരെ പ്ലാസ്റ്റിക് ബോട്ടില്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ഇതിന് ശേഷം ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞതെന്നും വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ഇയാളെ ഉടന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ഐജി വ്യക്തമാക്കി.
ട്രെയിനിന് തീവെച്ചത് തീപ്പെട്ടി ഉപയോഗിച്ചാണ്. പെട്രോളോ ഡീസലോ ഉപയോഗിച്ചതിന് ഇതുവരെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പുമായി പുതിയ സംഭവത്തിന് ബന്ധമുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷമേ അത്തരം കാര്യങ്ങളില്‍ തീര്‍പ്പ് പറയാനാകൂവെന്നും ഐജി അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.20-നാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്‌സ്പ്രസിലെ പിന്നില്‍നിന്നുള്ള മൂന്നാമത്തെ കോച്ചില്‍ തീപിടിച്ചത്. റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിലെ എട്ടാം ലൈനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു തീവണ്ടി. പെട്ടെന്നു പടര്‍ന്ന തീ ഒരുമണിക്കൂറെടുത്ത് 2.25-നാണ് അഗ്‌നിരക്ഷാസേന കെടുത്തിയത്. മറ്റുകോച്ചുകള്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല.