ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു.
ഗുസ്തിതാരങ്ങളുമായി അന്താരാഷ്ട്ര ഒളിംമ്പിക് കമ്മറ്റി പ്രതിനിധികൾ ഉടൻ ചർച്ച നടത്തും. മെഡലുകൾ ഗംഗയിലെറഞ്ഞുള്ള സമരപരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങൾ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റിയുടെ ഇടപെടൽ.
അതേസമയം ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ഖാപ് പഞ്ചായത്ത് ചേരുമെന്നാണ് വിവരം.
ഇന്നലെ മെഡലുകൾ ഗംഗയിൽ എറിയാൻ തയ്യാറായ ഗുസ്തി താരങ്ങളെ കർഷക നേതാക്കൾ എത്തിയാണ് അനുനയിപ്പിച്ചത്. 5 ദിവസത്തിനകം അറസ്റ്റ് നടന്നില്ലെങ്കിൽ ഇതേ പ്രതിഷേധ മാർഗവുമായി തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്തിതാരങ്ങൾ മടങ്ങിയത്.
ഇന്ത്യൻ കായിക ചരിത്രത്തിലെ അതിവൈകാരികമായ രംഗങ്ങൾക്കാണ് ചൊവ്വാഴ്ച ഹരിദ്വാർ സാക്ഷിയായത്. ഇരുപത്തിയെട്ടാം തീയ്യതിയുണ്ടായ സംഘർഷത്തിന് പിന്നാലെ സമരവേദി പൂർണമായും പൊളിച്ചു നീക്കിയതോടെയാണ് നീതി ലഭിക്കുമെന്ന അവസാനത്തെ പ്രതീക്ഷയും ഗുസ്തി താരങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു.
നീതി ലഭിക്കാത്തതിനാൽ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച താരങ്ങൾ തീരുമാനവുമായി മുന്നോട്ട് പോയതോടെ അതിവൈകാരികമായ രംഗങ്ങൾക്കാണ് ഗംഗാ തീരം സാക്ഷ്യം വഹിച്ചത്. ഗംഗയുടെ അത്ര തന്നെ പരിശുദ്ധിയുണ്ട് അധ്വാനിച്ചു നേടിയ മെഡലുകൾക്ക്. അത് ഗംഗയിൽ ഒഴുകി കഴിഞ്ഞാൽ നഷ്ടപ്പെടുന്നത് സ്വന്തം ആത്മാവും ജീവനും തന്നെയാണെന്നും താരങ്ങള്‍ പറഞ്ഞു.
മെഡലുകള്‍ ഒഴുക്കിയ ശേഷം രക്തസാക്ഷികളുടെ ഓർമ്മകളുള്ള ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം. ഒളിമ്പിക്സ് അടക്കം അന്താരാഷ്ട്ര മത്സരങ്ങളിൽ നേടിയ മെഡലുകളുമായി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് താരങ്ങൾ ഹരിദ്വാറിലെത്തിയത്.
ഒന്നര മണിക്കൂർ ഗംഗാതീരത്ത് അവർ കുത്തിയിരുന്നു. ഒടുവിൽ മെഡലുകൾ ഒഴുക്കരുതെന്ന കർഷക നേതാവ് നരേഷ് ടിക്കായത്തടക്കമുള്ളവരുടെ അഭ്യർത്ഥനക്ക് താരങ്ങള്‍ വഴങ്ങുകയായിരുന്നു.