ന്യൂഡല്‍ഹി: ഫ്രാഞ്ചൈസി പാര്‍ട്ടിക്കിടെ താരങ്ങളില്‍ ഒരാള്‍ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കര്‍ശന പെരുമാറ്റച്ചട്ടം നടപ്പാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റ്.
പുതിയ ചട്ടമനുസരിച്ച് എല്ലാ ടീം അംഗങ്ങളും രാത്രി 10 മണിക്ക് ശേഷം പരിചയക്കാരെ മുറികളിലേക്ക് കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. ഇനി 10 മണിക്ക് ശേഷം താരങ്ങള്‍ക്ക് ആരെയെങ്കിലും കാണണമെന്നുണ്ടെങ്കില്‍ അത് ടീം ഹോട്ടലിലെ പൊതുവായ ഇടങ്ങളില്‍ (ഹോട്ടല്‍ കോഫി ഷോപ്പ്, ഭക്ഷണശാല) വെച്ച് മാത്രമേ അനുവദിക്കൂ.
ഏതെങ്കിലും കളിക്കാരന് ആരെയെങ്കിലും അവരുടെ മുറികളിലേക്ക് കൊണ്ടുവരണമെന്നുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി ഐപിഎല്‍ ടീം ഇന്റഗ്രിറ്റി ഓഫീസറെ അറിയിക്കേണ്ടതുണ്ട്. കൂടാതെ ഇവര്‍ അതിഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
ഏത് തരത്തിലുള്ള സന്ദര്‍ശനത്തിനായിട്ടാണെങ്കിലും ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് എല്ലാ താരങ്ങളും അക്കാര്യം ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. ഇവ ലംഘിക്കുന്ന സാഹചര്യത്തില്‍ കളിക്കാര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും കൂടാതെ ഫ്രാഞ്ചൈസിക്ക് ഉടനടി ഇവരുമായുള്ള കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാമെന്നും പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തിനു പിന്നാലെ ഫ്രാഞ്ചൈസി, താരങ്ങള്‍ക്കായി സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ് ഒരു ഡല്‍ഹി കളിക്കാരന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഇതേത്തുടര്‍ന്നാണ് ഫ്രാഞ്ചൈസി തങ്ങളുടെ പ്രതിച്ഛായ കാക്കാന്‍ പുതിയ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചിട്ടുള്ളത്.
എന്നിരുന്നാലും കളിക്കാര്‍ക്ക് ഭാര്യമാരെയും പെണ്‍ സുഹൃത്തുക്കളെയും സംഘത്തോടൊപ്പം കൂട്ടാന്‍ മാനേജ്‌മെന്റ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ചിലവ് താരങ്ങള്‍ തന്നെ വഹിക്കണം. യാത്രാവേളയില്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന അതേ മുറിയിലാണ് ഇവര്‍ താമസിക്കുന്നത്.