കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍. പ്രതിഷേധം ഭയന്നാണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയത്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി 2000-ത്തലധികം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച വെെകീട്ട് അഞ്ചുമണിയോടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക.
നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങുന്ന അദ്ദേഹം, തേവര സേക്രഡ്ഹാര്‍ട്ട് കോളേജിലേക്ക് പോകും. പെരുമാന്നൂര്‍ ജങ്ഷന്‍മുതല്‍ തേവര കോളേജുവരെ റോഡ്ഷോയായാണ് യാത്ര. കോളേജ് ഗ്രൗണ്ടില്‍ യുവം-23 പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി രാവിലെ 10.30-ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് തീവണ്ടി ഫ്ളാഗ്ഓഫ് ചെയ്യും. 11 -ന് സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർമെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നിർവഹിക്കും.