ന്യൂഡല്‍ഹി: ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിയ്ക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി ടിബറ്റന്‍ ആത്മീയ നേതാവ്
ദലൈ ലാമ.
വീഡിയോയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ദലൈ ലാമയുടെ ടീം ആണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഖേദംപ്രകടിപ്പിക്കുന്ന പ്രസ്താവന പങ്കുവെച്ചിട്ടുള്ളത്.
തന്റെ വാക്കുകള്‍ വേദന സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും ലോകമെമ്പാടുമുള്ള തന്റെ സുഹൃത്തുക്കളോടും മാപ്പ് അപേക്ഷിക്കുന്നതായി ട്വീറ്റില്‍ പറയുന്നു. കണ്ടുമുട്ടാറുള്ള ആളുകളെ അദ്ദേഹം മിക്കപ്പോഴും നിഷ്‌കളങ്കമായും തമാശയ്ക്കും കളിയാക്കാറുണ്ട്, പൊതുസ്ഥലങ്ങളിലും ക്യാമറയ്ക്ക് മുന്നില്‍വെച്ചു പോലും. ആ സംഭവത്തില്‍ അദ്ദേഹം ഖേദിക്കുന്നു- ട്വിറ്ററിലെ ഖേദപ്രസ്താവന വ്യക്തമാക്കുന്നു.
ഇതിന് മുന്‍പ് 2019-ലും വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ദലൈ ലാമ ഖേദപ്രകടനം നടത്തിയിരുന്നു. തന്റെ പിന്‍ഗാമിയായി ഒരു സ്ത്രീയാണ് വരുന്നതെങ്കില്‍ അവര്‍ കൂടുതല്‍ ആകര്‍ഷണീയ ആയിരിക്കണമെന്ന പ്രസ്താവനയാണ് അന്ന് അദ്ദേഹത്തെ വിവാദത്തിലാക്കിയത്. ബി.ബി.സിയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.