ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മുന്‍ മന്ത്രി എംഎം മണിക്കെതിരെ പരാതി നല്‍കി ബിജെപി. കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയില്‍ കഴിഞ്ഞ 24ന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. വിദ്വേഷപരമായ പ്രസംഗത്തിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്താനാണ് എംഎം മണി ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണെന്നും വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും എംഎം മണി വിമര്‍ശിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനാണെന്നാണ് എംഎം മണി പറഞ്ഞത്. വിമര്‍ശനം കേള്‍ക്കാന്‍ മോദി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നിരവധി മുസ്ലീങ്ങളെ കശാപ്പ് ചെയ്തയാളാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗാന്ധിവധം സംബന്ധിച്ച് അസത്യപ്രചരണം നടത്തിയെന്നും എംഎം മണിക്കെതിരായ പരാതിയില്‍ പറയുന്നു.
എം.എം മണിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:
രാഹുലിനെ ശിക്ഷിച്ചത് ശുദ്ധ അസംബന്ധമാണ്. രാജ്യം വലിയ പ്രതിസന്ധിയിലാണ്. ഇതിനെതിരെ എല്ലാ വിഭാഗങ്ങളും ഒരുമിച്ചു നിൽക്കണമെന്നും മാധ്യമങ്ങളോട് മണി പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ചതിന് രാഹുലിനെ കോടതി ശിക്ഷിച്ചത് ജനാധിപത്യവിരുദ്ധമാണ്. മോദി എന്ന ഭരണാധികാരി ഏറ്റവും വലിയ വിമർശനങ്ങൾ ഏൽക്കാൻ ബാധ്യസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ് മോദി. എന്തു വൃത്തികേടും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഒരു പാർട്ടിയും അദ്ദേഹത്തിന്റെ ഒരു കാളികൂളി സംഘമായ ആർഎസ്എസുമാണ്…
മഹാത്മാഗാന്ധിയെ കൊന്നത് ന്യായമാണെന്നു വാദിക്കുന്ന കള്ളപ്പരിശകളല്ലേ ഇവർ. ഇവരിൽനിന്ന് വേറെന്താണ് പ്രതീക്ഷിക്കുന്നത്? 1947നു ശേഷം പതിനായിരക്കണക്കിന് പാവങ്ങളെ കൊല ചെയ്ത കാപാലികരാണ് ഇവർ. മോദി അതിന്റെ നേതാവാണ്. മോഹൻ ഭാഗവത് ആണ് നരേന്ദ്ര മോദിയുടെ നേതാവ്. ഹിന്ദുക്കളിലെ സവർണ മേധാവികൾക്കു വേണ്ടിയാണ് ഇവർ നിന്നത്. ഹിന്ദു വിഭാഗത്തിൽ അവശത അനുഭവിക്കുന്നവർക്കെതിരെ നിലപാടെടുത്തു.
ഇങ്ങനെയുള്ള അയാളെ വിമർശിക്കുകയല്ലാതെ എന്താണ് ചെയ്യുക? എന്നാൽ എന്നെയും ശിക്ഷിക്കട്ടെ. രാഹുൽ ഗാന്ധി ഇത്രയും കഠിനമായി പറഞ്ഞില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാജ്യം മുഴുവൻ നടക്കുക, രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുക. അദാനി എന്നൊരു കള്ളനെ വളർത്തിക്കൊണ്ടു വന്ന് ദശലക്ഷക്കണക്കിന് കോടി രൂപയാണ് അപഹരിച്ചത്. രാജ്യം കൊള്ളയടിക്കുന്ന പണിയാണ് ആർഎസ്എസും സംഘപരിവാറും ചേർന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തെ ഏറ്റവും വലിയ ദ്രോഹികളാണ് ഇവർ. ഗാന്ധിജിയെ കൊന്നവന്മാർ, ഞങ്ങളുടെ പാർട്ടിയിൽപ്പെട്ട നൂറു കണക്കിനു പേരെ കൊന്നവരാണ്.
ഗാന്ധിജി ഹിന്ദുമത വിശ്വാസിയായിരുന്നെങ്കിലും ഇവരെപ്പോലെ ഭ്രാന്തൻ ആശയക്കാരനല്ല. അദ്ദേഹത്തെ നിഷ്ഠൂരമായി കൊന്നു. മക്കൾക്കും കൊച്ചുമക്കൾക്കും അധികാരം കൊടുക്കാനല്ല, ഈ രാജ്യത്തിനു വേണ്ടി നിലകൊണ്ട് ആളാണ് ഗാന്ധിജി. അവരുതന്നെ പറഞ്ഞിട്ടുണ്ട് അവരുടെ ഭാവി സംഘം വളർത്താൻ വേണ്ടിയാണ് അദ്ദേഹത്തെ കൊന്നതെന്ന്.
രാഹുലിനെ ശിക്ഷിച്ചതിൽ ഒരു ന്യായവുമില്ല. അത് അസംബന്ധമാണ്. എല്ലാ വിഭാഗങ്ങളും യോജിച്ച് ഇതിനെതിരെ പ്രതിഷേധിക്കേണ്ടതാണ്. രാജ്യം മുഴുവൻ കുഴപ്പത്തിലാണ്. ഇവരിത് മുഴുവൻ വിറ്റ് തുലയ്ക്കും. 75 വർഷം കൊണ്ട് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടാക്കിയതെല്ലാം വിറ്റു തുലയ്ക്കുകയാണ്. ’– മണി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു സീറ്റിൽ മത്സരിച്ചതിനെയും മണി വിമർശിച്ചു. ‘രണ്ടു സീറ്റിലാണ് കെ.സുരേന്ദ്രൻ മത്സരിച്ചത്. ഹെലികോപ്റ്ററിലാണ് പ്രചാരണം നടത്തിയത്. ഞാനൊക്കെ പൊട്ട ജീപ്പിലാ ഇവിടെ പ്രചരണത്തിനിറങ്ങിയത്. ഈ പൈസയൊക്കെ എവിടെനിന്ന് ഉണ്ടായി. ഇന്ത്യൻ മുതലാളിമാരുടെ കൗപീനം പിഴിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുവാ. അവർ കൊടുക്കുകയല്ലാതെ എവിടെനിന്നാ. അല്ലേപ്പിന്നെ കള്ളനോട്ട് അടിക്കണം..’– എം.എം.മണി അഭിപ്രായപ്പെട്ടു.