ബെംഗളൂരു; ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവങ്ങള്‍ക്കാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എക്സ്ട്രാ ടൈമില്‍ ബെംഗളൂരുവിന്റെ ഗോള്‍ പിറന്നതിന് പിന്നാലെയാണ് നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് ഐഎസ്എല്‍ സാക്ഷ്യം വഹിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് താരങ്ങളെ തിരിച്ചുവിളിച്ചതോടെയാണ് കളി മുടങ്ങുന്നത്. പിന്നാലെ മത്സരം പൂര്‍ത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി. ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഒരിക്കല്‍ കൂടി കിരീടമില്ലാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി. സെമിയില്‍ മുംബൈ സിറ്റി എഫ്സിയാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.
ഗോള്‍രഹിതമായ തൊണ്ണൂറുമിനിറ്റുകള്‍ക്കുശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുന്നത്. എക്സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 96-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി ബെംഗളൂരു ലീഡെടുത്തു. സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വാദിച്ചു.
റഫറി ഗോള്‍ അനുവദിച്ചതിനാല്‍ കോച്ച് ഇവാന് വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു.ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും താരങ്ങള്‍ മടങ്ങിവരാത്തതോടെ മത്സരം അവസാനിച്ചതായി റഫറി പ്രഖ്യാപിക്കുകയായിരുന്നു. വിജയത്തോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറി.
ഇതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും കിരീടമില്ലാതെ മടങ്ങി. മൂന്ന് തവണ ഫൈനലില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് വീണ്ടും കണ്ണീരോടെ മടക്കം. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ കാലിടറിയ ടീമിന് ഇത്തവണ വിജയത്തോടെ മടങ്ങാനാകുമെന്നാണ് ഏവരും കരുതിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംഘം അഞ്ചാമതായാണ് പ്ലേഓഫിലേക്ക് മുന്നേറിയത്. നാലാമതായി ബെംഗളൂരുവും പ്ലേഓഫിന് യോഗ്യതനേടി.
നാലാമതായതിനാല് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മത്സരം നടന്നത്. എന്നാല്‍ എക്സ്ട്രാ ടൈമിലെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ബ്ലാസ്റ്റേഴ്സ് അനിവാര്യമായ തോല്‍വിയേറ്റുവാങ്ങി. മത്സരത്തില്‍ തിരിച്ചുവരാന്‍ ഒരു ഘട്ടത്തിലും ബ്ലാസ്റ്റേഴ്സ് ശ്രമിച്ചില്ല. മത്സരത്തില്‍ 24-മിനിറ്റുകള്‍ ശേഷിക്കുന്നുണ്ടായിരുന്നു.
താരങ്ങളോട് ശക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പരിശീലകന് വുകോമനോവിച്ച് തിരിച്ചുനടന്നു. തിരിച്ചുവരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ നിലപാടിനേക്കാള്‍ വലുതല്ല മറ്റൊന്നുമെന്ന് വുകോമനോവിച്ച് പ്രഖ്യാപിച്ച് മുന്നോട്ട് പോയി. വീണ്ടും മടക്കം.