കൊച്ചി: പൊതുമേഖലയിലെ കമ്പനികൾ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാൽ അവയുടെ വളർച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
”കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗതാഗത സംവിധാനങ്ങളുടെ നവീകരണം. റോഡുകൾ, റെയിൽ ഗതാഗതം, ജലഗതാഗതം, വ്യോമ ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമാന്തരമായ വികസനം നടപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള വ്യാവസായിക മുന്നേറ്റം സാധ്യമാവുകയുള്ളൂ. ഇതിനുതകുന്ന വിധമുള്ള പദ്ധതികൾ ഈ നാലു മേഖലകളിലും ആവിഷ്‌ക്കരിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ”.
”പുതിയ പദ്ധതികൾ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ തൃപ്തികരമായി അവ പൂർത്തിയാക്കാനും സിയാൽ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിലും നവീനമായ ഒട്ടേറെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സിയാൽ ഏറ്റെടുത്ത് നടപ്പിലാക്കി. അവയാകട്ടെ കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തിനേടാൻ സിയാലിന് സഹായകമായി.
അതിന്റെകൂടി ഫലമായാണ് യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 60.06 ശതമാനവും വളർച്ച കൈവരിക്കാൻ സിയാലിന് കഴിഞ്ഞത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്നതുകൊച്ചി വിമാനത്താവളം ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്”, അദ്ദേഹം അഭിപ്രായപ്പെട്ടു.