ദുബൈ: വിമാനത്തിന്‍റെ കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കൂടുതൽ നടപടിയുണ്ടാകില്ല. ഷൈൻ നൽകിയ വിശദീകരണവും പൈലറ്റിന്‍റെ നിലപാടുമാണ് രക്ഷയായത്. കോക് പിറ്റിൽ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നെന്നാണ് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം.
അബദ്ധം പറ്റിയതാണെന്ന വിശദീകരണം മുഖവിലയ്ക്കെുടുത്ത അധികൃതർ താരത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. കോക് പിറ്റിൽ കയറാൻ ശ്രമിച്ച സംഭവത്തിൽ പൈലറ്റ് പരാതി നൽകാതിരുന്നതും ഷൈനിന് അനുകൂലമായി.
കോക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. ദുബായ് വിമാനത്താവളത്തിലാണ് അനിഷ്ട സംഭവം ഉണ്ടായത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാരുടെ സീറ്റിൽ ഇരിക്കാൻ നടൻ ശ്രമിച്ചതായും ആരോപണമുണ്ട്.
ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്ക് പിറ്റിൽ ആണ് ഷൈൻ ടോം ചാക്കോ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് പുറത്താക്കിയത്. താരത്തിനെ ഇറക്കിയശേഷം മുക്കാൽ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്.
കോക് പിറ്റിൽ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന ഷൈനിന്‍റെ വിശദീകരണം മുഖവിലയ്ക്കെടുത്ത എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കി. വിഷയത്തിൽ പൈലറ്റ് പരാതി നൽകാതിരുന്നതാണ് ഷൈനിന് അനുകൂലമായ മറ്റൊരു ഘടകം. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഷൈൻ ടോം ചാക്കോയെ വിട്ടയച്ചത്.
ഷൈനിന്റെ വിസയുടെ കാലാവധി തീർന്നതിനാൽ പുതിയ വിസിറ്റ് വീസയെടുത്ത ശേഷമാണ് താരത്തിന് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ ആയത്. ഇന്നലെ റിലീസായ ഭാരത സർക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഷൈൻ ടോം ചാക്കോ ദുബായിലെത്തിയത്.