ദോഹ: നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനൊടുവില്‍ അധിക സമയത്തെ നെയ്മറുടെ വണ്ടര്‍ ഗോളില്‍ മുന്നിലെത്തിയപ്പോള്‍ ബ്രസീല്‍ സെമിയിലേക്ക് കാലെടുത്തുവെച്ചതാണ്. എന്നാല്‍ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ബ്രൂണോ പെട്രോവിച്ച് ക്രൊയേഷ്യക്ക് ജീവശ്വാസം നല്‍കി സമനില ഗോള്‍ നേടി. പിന്നെ പെനല്‍റ്റി ഷൂട്ടൗട്ടിന്‍റെ ഭാഗ്യ പരീക്ഷണം. ക്രൊയേഷ്യക്കായി ആദ്യ കിക്കെടുത്തത് നികോളാ വ്ലാസിച്ച്.
ആദ്യ കിക്ക് വ്ളാസിക് ഗോളാക്കിയതോടെ സമ്മര്‍ദ്ദം ബ്രസീലിന്. ബ്രസീലിനായി ആദ്യ കിക്കെടുക്കാന്‍ എത്തിയത് യുവതാരം റോഡ്രിഗോ. പെനല്‍റ്റി ഷൂട്ടൗട്ടിന്‍റെ സമ്മര്‍ദ്ദം താങ്ങാനുള്ള കരുത്ത് റോഡ്രിയുടെ കാലിനില്ലായിരുന്നു. റോഡ്രിയുടെ കിക്ക് ക്രൊയേഷ്യന്ഡ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് രക്ഷപ്പെടുത്തിയതോടെ ബ്രസീല്‍ സമ്മര്‍ദ്ദത്തിന്‍റെ മുള്‍മുനയിലായി.
പിന്നീടെല്ലാം ക്വാര്‍ട്ടര്‍വരെ തങ്ങളെ കാത്ത അലിസണ്‍ ബെക്കറുടെ കൈകളില്‍. എന്നാല്‍ ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത ലോവ്‌റോ മജേര്‍ തന്‍റെ കിക്ക് ഗോളാക്കി. ബ്രസീലിനായി രണ്ടാം കിക്കെടുത്ത കാസിമെറോയും ശക്തമായ ഒരു ഷോട്ടിലൂടെ വല കുലുക്കി.
ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുക്കാന്‍ എത്തിയത് നായകന്‍ ലൂക്കാ മോഡ്രിച്ച്. പരിചയസമ്പത്തും കരുത്തും ഒത്തുചേര്‍ന്ന മോഡ്രിച്ചിന്‍റെ കിക്ക് തടയാന്‍ അലിസണ് കഴിഞ്ഞില്ല. സ്കോര്‍ 3-1. ബ്രസീലിന്‍റെ മൂന്നാം കിക്കെടുത്തത് യുവതാരം പെഡ്രോ. പിഴവേതുമില്ലാതെ പെഡ്രോ ഗോള്‍ നേടിയതോടെ ബ്രസീലിന് പ്രതീക്ഷയായി. ക്രൊയേഷ്യയുടെ നിര്‍ണായക നാലാം കിക്കെടുക്കാന്‍ എത്തിയത്മിസ്ലാവ് ഓര്‍സിച്ച്.
നാലാം കിക്കും ഗോളാക്കി ഓര്‍സിച്ച് സമ്മര്‍ദ്ദും മുഴുവന്‍ ബ്രസീലിന്‍റെ കാലുകളില്‍. ബ്രസീലിന്‍റെ നാലാം കിക്കെടുക്കാന്‍ എത്തിയത് പ്രതിരോധനിരയിലെ വിശ്വസ്തന്‍ മാര്‍ക്വിഞ്ഞോസ്. മാര്‍ക്വീഞ്ഞോസ് എടുത്ത നിര്‍ണായക നാലാം കിക്ക് പോസ്റ്റില്‍ തട്ടിമടങ്ങിയതോടെ ഒരിക്കല്‍ കൂടി ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാവാതെ ബ്രസീല്‍ മടങ്ങി.