ന്യൂഡല്‍ഹി : ഐഎസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് അടക്കമുള്ള ഗുഢാലോചനാ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി.
പ്രതികളുടെ അപേക്ഷ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകിയ സുപ്രീം കോടതി, നാല് ആഴ്ചയ്ക്ക് അകം ഹർജിയിൽ തീർപ്പാക്കാനും നിർദ്ദേശം നൽകി. ഈ സമയത്ത് അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ചില വസ്തുതകള്‍ കണക്കിലെടുക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ജസ്റ്റിസ് ഡി.കെ. ജയിന്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം നടത്തിയത് എന്ന വസ്തുത ഹൈക്കോടതി കണക്കിലെടുക്കാത്തത് പിഴവാണെന്നായിരുന്നു ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. ഗൂഢാലോചനയ്ക്ക് പിന്നില്‍ വിദേശശക്തികള്‍ക്ക് പങ്കുണ്ടെന്ന സി.ബി.ഐ.യുടെ ആരോപണവും ഓരോ പ്രതികള്‍ക്ക് എതിരായ കേസിന്റെ വസ്തുതകളും ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
നമ്പി നാരായണനും മറ്റ് ശാസ്ത്രജ്ഞര്‍ക്കും എതിരേ ചാരക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നില്‍ വിദേശശക്തികളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് സി.ബി.ഐ.യ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചിരുന്നു. ആര്‍.ബി.ശ്രീകുമാറിന് വേണ്ടി കപില്‍ സിബലും സിബി മാത്യൂസിന് വേണ്ടി അഭിഭാഷകന്‍ ജോജി സ്‌കറിയയും പി.എസ്.ജയപ്രകാശിന് വേണ്ടി അഭിഭാഷകന്‍ കാളീശ്വരം രാജുമാണ് ഹാജരായത്.
എന്താണ് ചാരക്കേസ്?
ഐഎസ്ആർഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ ശശികുമാരനും ഡോ നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തി നൽകി എന്നതായിരുന്നു ആരോപണം. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്.
ചാരക്കേസിലെ നാൾവഴി
ഐഎസ്ആർഒ ഗുഢാലോചനയുമായി ബന്ധപ്പെട്ട സംഭവത്തിൽ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ മുൻ പൊലീസ് ഐ.ബി. ഉദ്യോഗസ്ഥൻമാർ അടക്കം 18 പേരാണ് കേസിലെ പ്രതികൾ.
ചാരക്കേസിൽ നമ്പി നാരായണന് അടക്കം പ്രതിയാക്കിയതിൻ്റെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു. ഇത് അനുസരിച്ച് സിബിഐ മെയ് മാസത്തിൽ തന്നെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ചാരക്കേസ് അന്വേഷണം പൂർത്തിയാക്കിയ സിബിഐ തെളിവുകളുടെ അഭാവത്താൽ നമ്പി നാരായണന് കുറ്റവിമുക്‌തനാക്കി. കുറ്റപത്രം കോടതിൽ സമർപ്പിച്ചു.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗുഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നമ്പി നരായണൻ സുപ്രീം കോടതിയിൽ സ്വകാര്യ ഹർജി നൽകി. എന്നാൽ സുപ്രീം കോടതി തന്നെ മുൻ ജഡ്‌ജി ആയിരുന്ന ഡി.കെ.ജയിനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തു. ഈ സംഘത്തിൻ്റെ അന്വേഷണത്തിൽ കേസിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച കോടതി സിബിഐക്ക് അന്വേഷണം നൽകി ഉത്തരവായി.