ദോഹ: ലോകകപ്പിൽ അതിനിർണായകമായ പോരാട്ടത്തിൽ വിജയം നേടി പ്രീക്വാർട്ടർ സാധ്യത വർധിപ്പിച്ച് ക്രൊയേഷ്യ. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് മോഡ്രിച്ചും സംഘവും തീർത്തത്. ക്രമാരിച്ച് യൂറോപ്യൻ സംഘത്തിനായി രണ്ട് തവണ ലക്ഷ്യം കണ്ടപ്പോൾ ലിവാജയുടെ വകയായിരുന്നു ഒരു ഗോൾ. കാനഡയുടെ ആശ്വാസ ഗോൾ അൽഫോൺസോ ഡേവിസ് സ്വന്തമാക്കി.
ആദ്യ മത്സരത്തിൽ തോൽവി രുചിച്ചെങ്കിലും വമ്പന്മാരായ ബെൽജിയത്തെ വിറപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കാനഡ കളത്തിലിറങ്ങിയത്. അതിന്റെ മിന്നലാട്ടങ്ങൾ അവർ ആദ്യ നിമിഷത്തിൽ തന്നെ കാണിക്കുകയും ചെയ്തു. അതിവേഗമായിരന്നു കനേഡിയൻ നീക്കങ്ങൾ. ക്രൊയേഷ്യക്ക് ഒന്ന് ചിന്തിക്കാൻ ആകും മുമ്പ് തന്നെ കാനഡ ആദ്യ ഗോൾ സ്വന്തമാക്കി. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ രാജ്യത്തിന്റെ ആദ്യ ഗോൾ നേടിയത് അവരുടെ ഏറ്റവും വിലപിടിപ്പുള്ള താരമായ അൽഫോൺസോ ഡേവിസ് ആയിരുന്നു.
തേജോൺ ബുചാനൻ ബോക്സിലേക്ക് നൽകിയ ക്രോസിൽ മനോഹരമായി തലവെച്ച ഡേവിസ് വലകുലുക്കി. ഗോൾ വീണതോടെ റഷ്യയിൽ പടയോട്ടം നടത്തി ഫൈനൽ വരെ കുതിച്ച യൂറോപ്യൻ സംഘം ഒന്ന് പകച്ചു. എന്നാൽ, വർധിത വീര്യത്തോടെ തിരികെ വരുന്ന ക്രൊയേഷ്യയയാണ് പിന്നീട് കളത്തിൽ കണ്ടത്. കാനഡയുടെ നീക്കങ്ങൾ കൃത്യമായി പൊളിച്ച് ക്രൊയേഷ്യ എതിർ ഗോൾ മുഖത്തേക്ക് നിരന്തരം പാഞ്ഞടുത്തു. ഒടുവിൽ 36-ാം മിനിറ്റിൽ സമനില നേടിയെടുക്കുകയും ചെയ്തു. ഇടത് മൂലയിലൂടെ ഓടിക്കയറിയ ക്രമാരിച്ചിനായി പെരിസിച്ച് സുന്ദരമായി പാസ് നൽകി. ക്രമാരിച്ച് അവസരം പാഴാക്കാതെ അത് വലയിൽ നിക്ഷേപിച്ചു.
ആദ്യ പകുതി അങ്ങനെ സമനിലയിൽ അവസാനിപ്പിക്കാൻ ക്രൊയേഷ്യ ഒരുക്കമായിരുന്നില്ല. സമനില ഗോൾ കണ്ടെത്തി എട്ട് മിനിറ്റുകൾക്ക് ശേഷം മത്സരത്തിൽ ആദ്യമായി യൂറോപ്യൻ പവർ ഹൗസ് ലീഡ് എടുത്തു. കനേഡിയൻ ബോക്സിന് പുറത്ത് നിന്ന് ജുറാനോവിച്ച് നൽകിയ പാസിൽ ലിവാജയുടെ നിലംപറ്റെയുള്ള ഷോട്ട് തടയാൻ പ്രതിരോധ നിരയ്ക്കും ഗോൾ കീപ്പറിനും കഴിഞ്ഞില്ല. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ചു. 54-ാം മിനിറ്റിൽ മോഡ്രിച്ചിന്റെ പാസിൽ ക്രമാരിച്ചിന്റെ ഫസ്റ്റ് ടൈം ഷോട്ട് ബോർഹാൻ ഒരുവിധത്തിൽ തടുത്തു. സമനില ഗോളിനായി കാനഡ ആത്മാർഥമായി തന്നെ പരിശ്രമിച്ച് കൊണ്ടിരുന്നു.
ഈ തിടക്കം മുതലെടുത്ത വീണ്ടും ക്രൊയേഷ്യ കനേഡിയൻ ബോക്സിൽ മിന്നൽ റെയ്ഡ് നടത്തി. ഇടതുവിംഗിൽ നിന്നുള്ള പെരിസിച്ചിന്റെ ക്രോസാണ് ഇത്തവണ അപകടം വിതച്ചത്. ബോക്സിനുള്ള പന്ത് സ്വീകരിച്ച് ഗംഭീരമായ ഫസ്റ്റ് ടച്ച് എടുത്ത് ക്രമാരിച്ച് ഇടം കാൽ കൊണ്ട് കനേഡിയൻ ഗോൾ കീപ്പറെ വീണ്ടും കീഴടക്കി. പോരാട്ട വീര്യം കനേഡിയൻ താരങ്ങളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും അവരുടെ അനുഭവ സമ്പത്തിന്റെ കുറവാണ് ക്രൊയേഷ്യൻ താരങ്ങൾ മുതലെടുത്തത്.
രണ്ട് ഗോൾ ലീഡായിട്ടും നിർത്താൻ ഉദ്ദേശമില്ലാതെ ക്രൊയേഷ്യൻ പട ആക്രമണം വീണ്ടും തുടർന്നു. അവസാനം ഗോൾ നേടാനുള്ള കാനഡയുടെ എല്ലാം മറന്നുള്ള ആക്രമണത്തിൽ അവർ പ്രതിരോധം മറന്നപ്പോൾ മയെറിലൂടെ ഒരടി കൂടെ നൽകി ക്രൊയേഷ്യ വിജയത്തിന്റെ തിളക്കം കൂട്ടി. തുടർ തോൽവികളോടെ കാനഡ ലോകകപ്പിൽ നിന്ന് പുറത്തായി.