തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും.
മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തിൽ ചട്ടഭേദഗതി അവതരിപ്പിക്കും. ഇതിന് ശേഷമായിരിക്കും പുതിയ നിരക്കിൽ മദ്യം വിൽക്കുക.
വിറ്റ് വരവ് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മദ്യ ഉൽപ്പാദനം ഡിസ്ലറികളിൽ നിർത്തിവച്ചിരുന്നു. ബെവ്ക്കോ വഴിയുളള മദ്യ വിൽപ്പന ഇതേ തുടർന്ന് വലിയ പ്രതിസന്ധിയിലായപ്പോഴാണ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചത്.
ഡിസ്റ്റിലറികളുടെ ടേൺഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകും. അത് നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവിൽ ചുമത്തുന്ന സംസ്ഥാന പൊതു വിൽപന നികുതി നിരക്കിൽ നാല് ശതമാനം വർദ്ധന വരുത്തും. അതിനായി 1963 ലെ കേരള പൊതു വിൽപന നികുതി നിയമത്തിൽ ഭേദഗതി വരുത്താൻ നിയമസഭയിൽ ബില്ല് അവതരിപ്പിക്കും.