ചെന്നൈ: അച്ചടക്ക ലംഘനത്തെ തുടർന്ന് നടി ഗായത്രി രഘുറാമിനും ഒബിസി നേതാവ് സൂര്യ ശിവക്കും എതിരെ ബിജെപി നടപടി. ഗായത്രി രഘുറാമിനെ ആറുമാസത്തേക്ക് പാർട്ടി സസ്പെന്റ് ചെയ്തു. ഒബിസി നേതാവ് സൂര്യ ശിവയെ പാർട്ടി പരിപാടികളിൽ നിന്ന് അന്വേഷണ വിധേയമായി വിലക്കേർപ്പെടുത്തിയതായും തമിഴ്നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈ അറിയിച്ചു. പാർട്ടിയുടെ സാംസ്കാരിക വകുപ്പ് അധ്യക്ഷയായ ഗായത്രി നിരന്തരമായ അച്ചടക്ക ലംഘനം നടത്തിയെന്ന കാരണത്താലാണ് സസ്പെന്റ് ചെയ്യപ്പെട്ടത്.
സംസ്ഥാന ന്യൂനപക്ഷ വിഭാഗം മേധാവി ഡെയ്‌സി ശരണിനെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌ത ടെലിഫോൺ സംഭാഷണം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന ബിജെപിയുടെ ഒബിസി മോർച്ച ജനറൽ സെക്രട്ടറിയായ സൂര്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
വിഷയത്തിൽ അടുത്ത ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കനഗ സബാപതിയോട് ബിജെപി പ്രസിഡന്റ് അണ്ണാമലൈ നിർദേശിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ഉത്തരവിന് മറുപടിയായി ഗായത്രി രഘുറാം ആരുടേയും പേരെടുത്തു പറയാതെ നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. “ആദ്യ ദിവസം മുതൽ അവൻ എപ്പോഴും എന്നെ പുറത്താക്കാൻ ആഗ്രഹിച്ചു. ഞാൻ ശക്തമായി തിരിച്ചുവരും എന്നായിരുന്നു ട്വീറ്റ്.
ഒബിസി മോർച്ചയുടെ ജനറൽ സെക്രട്ടറിയായ സൂര്യ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകനാണ്. റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് തിരുച്ചി ശിവയെ മാറ്റി നിർത്തുമെന്നും അണ്ണാമലൈ അറിയിച്ചു.