പാലക്കാട്: മണ്ണൂരില്‍ പതിനേഴുകാരിയെ അമ്മയുടെ സഹായത്തോടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പൊലീസ് ഇന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. നിലവില്‍ അച്ഛന്റെ സംരക്ഷണത്തിലുള്ള കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തേക്കും. പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ ആരോപണത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
കുട്ടിയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കൊണ്ടുള്ള മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സിഡബ്യുസി ചെയര്‍മാന്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. സംഭവത്തില്‍ ഉടന്‍ പൊലീസ് അന്വേഷണം വേണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പോലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ അച്ഛമ്മയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.
വിഷയം ശ്രദ്ധയില്‍പ്പെട്ട കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയും കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. സമഗ്രമായ അന്വേഷണം നടത്താന്‍ പാലക്കാട് ഡിവൈഎസ്പിയോട് നിര്‍ദ്ദേശിച്ചു. അമ്മയുടെ മയക്കുമരുന്ന് വില്‍പ്പന എതിര്‍ത്തതാണ് മകളോടുള്ള വിരോധത്തിന് കാരണമെന്നാണ് പെണ്‍കുട്ടി പറയുന്നത്.
കുട്ടിയെ ഉപദ്രവിച്ചവരില്‍ പ്രാദേശിക ബിജെപി നേതാക്കളും ഉണ്ടെന്ന ആരോപണവും കുട്ടി ഉന്നയിച്ചു. പെണ്‍കുട്ടി ശിശു സംരക്ഷണ സമിതിയിലും, പൊലീസിലും പരാതി നല്‍കിയിട്ടും ആദ്യം നടപടിയുണ്ടായിരുന്നില്ല.