അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റ് ഇന്ത്യ ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്. സെമി ഫൈനലില്‍ ഇന്ത്യയെ ഇംഗ്ലണ്ട് നാണം കെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് വെറും 17 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ മറികടന്നു. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ ആറിന് 168, ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 170.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. 33 പന്തില്‍ അഞ്ച് സിക്സും നാല് ബൗണ്ടറിയുമടക്കം 63 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
40 പന്തുകള്‍ നേടിയ കോലി ഒരു സിക്സും നാല് ഫോറുമടക്കം 50 റണ്‍സടുത്തു.ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ (5) നഷ്ടമായി. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. പിന്നാലെ രോഹിത്തും കോലിയും ചേര്‍ന്ന് സ്കോര്‍ 56 വരെയെത്തിച്ചെങ്കിലും സ്കോറിങ് വേഗം കുറവായിരുന്നു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.
28 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത രോഹിത്തിനെ ഒമ്പതാം ഓവറില്‍ ക്രിസ് ജോര്‍ദാന്‍ പുറത്താക്കി. പിന്നീടെത്തിയ ഇന്ത്യയുടെ വിശ്വസ്തനായ താരം സൂര്യകുമാര്‍ യാദവ് 14 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ പതറി.
പിന്നാലെ നാലാം വിക്കറ്റില്‍ കോലിക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയെത്തിയതോടെയാണ് ഇന്ത്യന്‍ സ്കോര്‍ അല്പം വേഗത്തിലായത്. ഇരുവരും കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സ് ട്രാക്കിലാക്കിയത്. 18-ാം ഓവറില്‍ കോലി മടങ്ങിയതിനു പിന്നാലെ തകര്‍ത്തടിച്ച പാണ്ഡ്യയാണ് സ്കോര്‍ 111-ല്‍ എത്തിച്ചത്. ഋഷഭ് പന്ത് ആറ് റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമില്‍ മാര്‍ക്ക് വുഡ്, ഡേവിഡ് മലാന് എന്നിവര്‍ പരിക്ക് കാരണം കളിക്കുന്നില്ല. പകരം ഫിലിപ്പ് സാള്‍ട്ടും ക്രിസ് ജോര്‍ദാനും ടീമിലെത്തി.കഴിഞ്ഞ മത്സരത്തില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ഋഷഭ് പന്ത് സ്ഥാനം നിലനിര്‍ത്തി.