മുംബൈ: തീവണ്ടിയിലെ എ.സി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പ്രയാസം നേരിട്ട യാത്രക്കാരന് റെയില്‍വേ 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമീഷന് വിധി.
മുംബൈ സ്വദേശിയായ മുതിര്‍ന്ന പൗരന്റെ പരാതിയിലാണ് ജില്ല ഉപഭോക്തൃ കമീഷന് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. യാത്രയില്‍ നേരിട്ട മാനസിക പ്രയാസത്തിന് നഷ്ടപരിഹാരമായി 35,000 രൂപയും കോടതി ചെലവിനായി 15,000 രൂപയും നല്‍കാനാണ് വിധിച്ചത്.
2017 ജൂണിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. ശിവശങ്കര്‍ രാമശ്രിംഗര് ശുക്ല അലഹബാദില്‍ നിന്ന് മുംബൈയിലേക്ക് വരാനായി തുരന്തോ എക്സ്പ്രസില്‍ ഫസ്റ്റ് ക്ലാസ് എ.സി കമ്ബാര്‍ട്മെന്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ കമ്ബാര്‍ട്മെന്റില്‍ എ.സി പ്രവര്‍ത്തിച്ചില്ല. ആ സമയത്ത് 40 ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നത്രെ ചൂട്.
ശുക്ലയും മറ്റ് യാത്രക്കാരും പരാതിപ്പെട്ടെങ്കിലും എ.സി പ്രവര്‍ത്തനക്ഷമമാക്കാന്‍ റെയില്‍വേക്ക് സാധിച്ചില്ല. 20 മണിക്കൂറോളം ചൂട് സഹിച്ച് യാത്ര ചെയ്യേണ്ടിവന്നു. എ.സി കമ്ബാര്ട്മെന്റായതിനാല് എയര്‍ വെന്റിലേഷന് പോലും ഉണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ശുക്ല റെയില്‍വേക്കെതിരെ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്. എന്നാല്‍, ഇതില്‍ ഇടപെടാന്‍ ഉപഭോക്തൃ കമീഷന് അധികാരമില്ലെന്നും റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലിനാണ് അധികാരമെന്നുമായിരുന്നു റെയില്‍വേയുടെ വാദം. ഇത് തള്ളിയ കമീഷന്, യാത്രക്കാര്‍ക്ക് എല്ലാ സൗകര്യവും ഉറപ്പുവരുത്തുക റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി. യാത്രയിലുടനീളം ശാരീരികവും മാനസികവുമായ പ്രയാസം നേരിട്ടെന്ന യാത്രക്കാരന്റെ വാദം കമീഷന് അംഗീകരിക്കുകയും ചെയ്തു.