തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ചുമതലയേറ്റെടുക്കാനെത്തിയ വിസിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഡോ.എം.എസ്.രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയ സാഹചര്യത്തിൽ വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്നാണ് ഡോ. സിസ ഇന്നു ചുമതല ഏറ്റെടുക്കാനെത്തിയത്.
കെജിഒഎ പ്രവർത്തകരും ക്യാംപസിൽ പ്രതിഷേധവുമായി എത്തി. വിസിയെ പിന്നീട് പൊലീസ് എത്തിയാണ് ഓഫിസിലേക്കു കൊണ്ടുപോയത്. പകരം സംവിധാനം ഉണ്ടാകുന്നതുവരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ചുമതല നൽകണമെന്ന സർക്കാർ നിർദേശം ഗവർണർ തള്ളുകയായിരുന്നു.
തന്റെ പദവിക്കു പുറമേ താൽക്കാലികമായി അധികച്ചുമതല എന്ന നിലയിലാണ് വിസി പദവി ലഭിച്ചിരിക്കുന്നതെന്നും താനല്ല വൈസ് ചാൻസലർ എന്നും ഡോ. സിസ മാധ്യമങ്ങളോടു വ്യക്തമാക്കി. ‘‘താനല്ല മറ്റൊരാളാണ് ചുമതല ഏൽക്കുന്നതെങ്കിലും പ്രതിഷേധം ഉണ്ടാകുമെന്ന് അവർ അറിയിച്ചിരുന്നു. അതുകൊണ്ട് പ്രതിഷേധം പ്രതീക്ഷിച്ചിരുന്നു. പുതിയ വിസി വരുന്നതുവരെ താൻ ചുമതല നിർവഹിക്കും. പരീക്ഷാ നടത്തിപ്പിനും മറ്റുമായി വിസിയുടെ ചുമതലയിൽ ആരെങ്കിലും ഉണ്ടായിരിക്കണം. ജീവനക്കാരുടേത് അടക്കം പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ സമരം ഞെട്ടിച്ചു. വിദ്യാർഥികൾക്കുവേണ്ടി ചുമതല നിർവഹിക്കും.’’ – ഡോ.സിസ പറഞ്ഞു.
അതേസമയം, ഒപ്പുവച്ച് ചുമതലയേറ്റെടുക്കാൻ ഡോ. സിസയ്ക്കു റജിസ്റ്റർ നൽകിയില്ല. റജിസ്ട്രാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അസിസ്റ്റന്റ് റജിസ്ട്രാർ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് പേപ്പറിൽ ജോയിനിങ് റിക്വസ്റ്റ് രേഖപ്പെടുത്തിയാണ് വിസിയുടെ ചുമതല ഏറ്റെടുത്തത്.