കൊച്ചി:പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി എംജി സര്‍വ്വകലാശാല വിസിയും. ഹിയറിംഗിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംജി വിസിയുടെ മറുപടി. ഇതിനേടകം 2 വിസിമാരും ഒരു മുന്‍ വിസിയുമാണ് ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കിയിട്ടുള്ളത്. നേരത്തെ പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നില്ല.
എന്നാല്‍ അടിയന്തരമായി രാജിവെക്കാനുള്ള ഗവർണറുടെ കത്തിനെ ദീപാവലി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെ മറികടക്കാൻ വിസിമാർക്ക് കഴിഞ്ഞിരുന്നു. തൽസ്ഥാനത്ത് തുടരാൻ ഹൈക്കോടതി അനുവദിച്ചെങ്കിലും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി അവസാനിക്കുമ്പോഴാണ് എംജി വിസിയുടെ മറുപടി എത്തുന്നത്.
നേരത്തെ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നൽകാതെയാണ് 7 വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുറത്താക്കാതിരിക്കാനുള്ള ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വൈസ് ചാന്‍സലര്‍ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താൻ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നുമായിരുന്നു വിസി മാർ വാദിച്ചത്. മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.